Friday, July 1, 2011

ജീവിത ദൈർഘ്യം.


ജീവിത ദൈർഘ്യത്തെപ്പറ്റിയുള്ള നമ്മുടെ കണക്കുകളിൽ എനിക്ക് സംശയമുണ്ട്.

ഏതാണ്ട് 50 വർഷം മുൻപ് ഇന്നത്തേക്കാൾ ജീവിത ദൈർഘ്യം കുറവായിരുന്നു എന്നാണു പ്രചരണം.

അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ജനമരണങ്ങൾ നിർബ്ബന്ധമായും രേഖപ്പെടുത്താൻ തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.

1900-1950 വരെയുള്ള കാലത്ത് രേഖപ്പെടുത്തൽ ഇന്നത്തെപ്പോലെ കൃത്യമായിരുന്നില്ല. കുറേ രേഖപ്പെടുത്തിയിട്ടുണ്ട്. അവയേയും ഇന്നത്തെ കണക്കുകളേയും താരതമ്മ്യം ചെയ്യുന്നത് ശാസ്ത്രീയമാണോ?

നമുക്ക് അവലംബിക്കാൻ കഴിയുന്നത് നമ്മുടെ നേരിട്ടുള്ള അറിവുകളെയാണു. നമ്മൂടെ കുടുംബത്തിലും ചുറ്റുപാടും ജീവിത ദൈർഘ്യം എത്രയായിരുന്നു എന്നു ഓർത്തു നോക്കാം.

എന്റെ കുടുംബം

മുത്തച്ഛൻ - 92 വയസ്സ്

മുത്തശ്ശി 96 (അക്ഷരാഭ്യാസമില്ലായിരുന്നു)

അച്ഛൻ 62 (മോഡേൺ മെഡിക്കൽ പ്രാക്റ്റീഷണർ - മരണ കാരണം പാങ്ക്രിയാറ്റൈറ്റിസ്)

അമ്മ 84 (നാലാം ക്ലാസ്. 58 ആം വയസിൽ അലർജ്ജിക്ക് ചികിത്സിച്ച് ഡയബറ്റിക്കായി. പ്രമേഹം മൂർച്ഛിച്ചതാണു മരണ കാരണം)

മൂത്ത ജേഷ്ഠൻ 49 (പ്രമേഹം ചികിത്സിച്ചിട്ടും ജീവിക്കാൻ കഴിഞ്ഞില്ല)

രണ്ടാമത്തേയാൾ 48 (വാഹനാപകടം - ഇത് ഈ കണക്കിൽ കൂട്ടണ്ട)

അമ്മാവൻ 68 (ബിരുദധാരി, അദ്ധ്യാപകൻ - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അമ്മയി 63 (10 ആം ക്ലാസ്സ് - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അപ്പച്ചി 94 (ആരോഗ്യത്തോടെ ഇരുന്ന് സുഖ മരണം.)

അമ്മയുടെ അമ്മാവൻ 101 (ഒരു പഴന്തടീ- നിയമ ബിരുദധാരി - കർഷകൻ)

ചെറിയച്ഛൻ - 89

ചെറിയമ്മ - 87

ഭാര്യയുടെ അപ്പുപ്പൻ 98

പണ്ടൂള്ളവർ അതായത് 50 വർഷം മുൻപ് ആളുകൾ ആരോഗ്യത്തോടെ ദിർഘകാലം ജീവിച്ചിരുന്നു എന്നാണു എനിക്ക് മനസിലാകുന്നത്. ആധുനിക വൈദ്യവും ലോകാരോഗ്യസംഘടനയും ഇടപെടാൻ തുടങ്ങിയപ്പോൾ അത് കുറഞ്ഞു എന്നു ചരമക്കോളം നോക്കിയാലും മനസിലാകും. കുറഞ്ഞപക്ഷം അതിനു ശേഷം മനുഷ്യൻ ജീവിച്ചാൽത്തന്നെ മരുന്നുകളുമായി ആശുപത്രിക്ക് ഒരു ഉപകാരമായി മാത്രമാണു ജീവിച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്തു തോന്നുന്നു

Sunday, June 12, 2011

ചക്കപ്പഴവും പാലും

ചക്കപ്പഴവും പാലും ഒന്നിച്ച് കഴിക്കരുതെന്നു പണ്ടുള്ളവർ പറയും. അത് വിരുദ്ധാഹാരമാണു. വിരുദ്ധാഹാരം വയറ്റിൽ വിഷമായി മാറും. ദോഷങ്ങൾ ഉണ്ടാകും. ആയുർവ്വേദവും അതു ശരിവക്കുന്നു. പക്ഷെ നാമിന്നു ചായക്കൊപ്പം ചക്കപ്പഴം കഴിച്ച് പഴമയെ വെല്ലുവിളിക്കാറുണ്ടെന്നത് വേറെ കാര്യം.

വളരെ പ്രശസ്തനായിരുന്ന ഒരു പോഷകാഹാര വിദഗ്ധക്തനായ ഡോക്ടർ ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ശാസ്ത്രം ഈ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹതിനു അതേക്കുറിച്ചൊന്നും അറിയില്ലായിരുന്നു. താൻ പഠിച്ച പാഠഭാഗത്ത് ഇത്തരമൊരു പരാമർശമില്ലെന്നേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥമുള്ളു. പക്ഷെ അദ്ദേഹം അങ്ങനെ പറയാൻ വിനയം കാണിച്ചില്ല.

അദ്ദേഹത്തെ അംഗീകരിക്കണോ എന്റെ മുതിർന്നവരേ അംഗീകരിക്കണോ എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായി. ഈ ഡോക്ടർക്ക് യൂണിവേഴ്സിറ്റി കൊടുത്ത ഒരു ബിരുദമുണ്ടെന്നതാ‍ണു അദ്ദേഹത്തിന്റെ വാക്കുകൾക്ക് മൂല്യമുണ്ടാക്കുന്നത്. അദ്ദേഹം എങ്ങനെ ജീവിക്കുന്നെന്നോ എത്രമാത്രം ശാസ്ത്രത്തോട് ഇണങ്ങിയാണ് കഴിയുന്നതെന്നോ നമുക്കറിയില്ല. പക്ഷെ നമ്മുക്ക് മുൻപുള്ളവർ സത്യമായി നമ്മുടെ മുന്നിലുള്ളവരാണു. അവരുടെ ജീവിതത്തിന്റെ ഒരു തുടർച്ചയാണു നാം. അവർക്കോ നമുക്കോ ദോഷമുൾലതൊന്നും അവർ വച്ചുപൊറുപ്പിക്കില്ല എന്നു നാം അനുഭവം കൊണ്ടറിൺജാവരാണു. അപ്പോൾ അവരെ സംശയിക്കേണ്ട കാര്യമുണ്ടോ? എന്നാൽ ശാസ്ത്രജ്ഞരും ഡോക്ടറന്മാരും പലപ്പോഴും കച്ചവടതാൽ‌പ്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരും. കാര്യം സിമ്പിളാണു. അവർക്ക് പണം കിട്ടും.

അപ്പോൾ പുസ്തകത്തിലെ ശാസ്ത്രമാണോ എന്റെ പൂർവ്വികരുടെ ജീവിതാനുഭവമാണോ ഞാൻ ആദരിക്കേണ്ടത് എന്നൊരു ചോദ്യമുദിക്കുന്നു.

മിടുക്കനാകാൻ നാം നമ്മുടെ പൂർവികരെ തള്ളിക്കളയുകയും നമുക്ക് കേട്ട്കേൾവി മാത്രമുള്ള ശാസ്ത്രത്തെ അവലം‌മ്പിക്കുകയും ചെയ്യാറുണ്ട്. ഇത് ശരിയാണോ? ആധുനിക ശാസ്ത്രത്തിനു അത്ര കണ്ട് വിശ്വസനീയതയുണ്ടോ? ശാസ്ത്രം മുൻപ് പറഞ്ഞത് പലതും മാറ്റിപ്പറയുന്നത് പതിവാക്കിയിരിക്കുന്നു. അവർ പിന്നീട് മാറുന്നത് പലപ്പോഴും നമ്മുടെ പഴമക്കാർ പറഞ്ഞ ഇടത്തേക്കാവും. പക്ഷെ അതിനിടയിൽ ശാസ്ത്രത്തെ നമ്പിയതിന്റെ കഷ്ടനഷ്ടങ്ങളിലാകും നാം. അതു കൊണ്ട് പരമാവധി നമ്മുടെ പൂർവ്വികർ ചെയ്തത് ഭംഗിയായി ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതല്ലെ ഉചിതം?

Sunday, May 29, 2011

ഇറാന്റെ മഴ മോഷ്ടിച്ചു.

കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ ആസ്ത്രേലിയ കടുത്ത മഴക്കെടുതിക്ക് ഇരയായി. അന്നു, ആ മഴ സൃഷ്ടിച്ചത് അമേരിക്കയാണെന്ന ഒരു അന്ധവിശ്വാസം അവിടെ പ്രചരിച്ചിരുന്നു. അവരുടെ കാർഷിക മേഖലയെ ആ മഴ കാര്യമായിത്തന്നെ ബാധിച്ചു. രണ്ടു മാസത്തിനു ശേഷം ചുഴലിക്കൊടുങ്കാറ്റോടു കൂടിയ വേറെ ഒരു മഴവന്ന് ആസ്ത്രേലിയയുടെ ടൂറിസ്റ്റ് മേഖലയെ തകർത്തപ്പോൾ ആ വിശ്വാസത്തിനു ബലമേറി. അമേരിക്കൻ ഡോളർ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭത്തിലായിരുന്നു ഇതു രണ്ടും സംഭവിച്ചത്. അമേരിക്കയുടെ ദുഷ്ടബുദ്ധി എങ്ങനെയും പ്രവർത്തിക്കാം. ഇപ്പോൾ ഈ വാർത്ത വായിക്കുമ്പോൾ അന്ന് ആസ്ത്രേലിയക്കാർക്കുണ്ടായ സംശയം ശരിയാണൊ എന്നു തോന്നിപ്പോവുന്നു. പ്രത്യേക ഉപകരണങ്ങൾ വച്ച് മഴമേഘങ്ങളെ സൃഷ്ടിക്കാനും തടഞ്ഞൂ‍ നിർത്താനും മഴ പെയ്യിക്കാനും കഴിയുമെന്നുള്ളത് വിശ്വാസമല്ല ശരിയാവാനിടയുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ ജനതയ്ക്ക് സൌകര്യമൊരുക്കാനല്ലാതായി തീർന്നിട്ടു. പകരം കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നതിനാണു. അത് നല്ലതാണു താനും. ജനം ഈ സയൻസിന്റേയും ടെക്കനോളജിയുടേയും തനിഗുണം മനസിലാക്കുമല്ലോ. അതു വഴി യാഥാർത്ഥ്യത്തിലേക്ക് തിരിയുവാൻ അതിട നൽകുകയും ചെയ്യും. നാം വളർത്തിക്കൊണ്ടു വരുന്ന സാങ്കേതിക വിദഗ്ധർ നമുക്ക് വിനാശകരമായിത്തീരുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാത്തിരിക്കാം.

Wednesday, May 25, 2011

മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..

കുരുക്ഷേത്രത്തിൽ നടന്നത് മഹായുദ്ധമാണു. ഇവിടെ മഹത് ശബ്ദത്തിനു ശ്രേഷ്ഠമെന്ന് അർത്ഥമില്ല. കാരണം ഒരു യുദ്ധത്തിനും മഹത്തരമാവാനാവില്ല. യുദ്ധങ്ങൾ ദുരിതവും വേദനയും ഇരുൾച്ചയുമാണു കൊണ്ടുവരിക. വല്ല തോക്ക് കച്ചവടക്കാരനുമേ യുദ്ധത്തിനു മഹത്വമുണ്ടെന്നു പറയു. അവർക്ക് അവരുടെ ചരക്ക് വിറ്റു പോകണമല്ലോ.

മഹാഭാരത യുദ്ധവും ഒരുപാട് ദുരിതങ്ങൾ വിതച്ചു. ആയിരങ്ങൾ മരിച്ചു. വേദനിച്ച് വേദനിച്ച് പകപോലും പ്രവർത്തിക്കാതെയായി. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ. അച്ഛൻ നഷ്ടപ്പെട്ട മക്കൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാർ. മനുഷ്യരേപ്പോലെ തന്നെ ആനകൾ, കുതിരകൾ തുടങ്ങിയ ജന്തുക്കളും മരിച്ചു വീണു. എല്ലാവരും കുടിപ്പകയിൽ നേരിട്ട് പങ്കെടുത്തവരോ, അവരോട് ചേർന്നു നിന്നവരോ ആയിരുന്നു.

ഇത്രയൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അത് ജനപഥങ്ങളെ ബാധിച്ചതായി സാഹിത്യത്തിൽ പരാമർശമുണ്ടായിട്ടില്ല. സുയോധനൻ പ്രജാക്ഷേമ തൽ‌പ്പരനായ രാജാവായിരുന്നു. ധർമ്മപുത്രരേക്കുരിച്ചും അതു തന്നെയായിരുന്നു അഭിപ്രായം. അവർ യുദ്ധം ചെയ്തത് എല്ലാ യുദ്ധങ്ങളിലും എന്ന പോലെ സ്വാർത്ഥത കൊണ്ട് മാത്രമായിരുന്നു. ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമാണു നടന്നതെന്നു പറഞ്ഞാൽ എന്ത് ധർമ്മമാണു സ്ഥാപിച്ചതെന്നു ചോദിക്കേണ്ടി വരും. ദു:ഖമുണ്ടാക്കുന്ന ധർമ്മമുണ്ടോ? ധർമ്മം ദു:ഖമുണ്ടാക്കിയാൽ അതിനെ ധർമ്മമെന്നു വിളിക്കാമോ? മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു.

ഗാന്ധാരിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം പുത്രൻ. കൃഷ്ണനുമുണ്ടായി ദു:ഖം. അത് ലോകേഷണകൾ ഒന്നു കൊണ്ടുമായിരുന്നില്ല. താൻ വെളിവാക്കിക്കൊടുത്ത തത്ത്വം അർജ്ജനനു മനസിലായില്ല. മനസിലായിരുന്നെങ്കിൽ ചോരപ്പുഴയൊഴുകുന്നത് ഒഴിവാക്കാമായിരുന്നു. ധർമ്മ പുത്രർക്കും വാശിയായിരുന്നു.

എല്ലാം കഴിഞ്ഞ് പാപങ്ങൾ മോചിപ്പിക്കണമെന്ന മോഹം ഉണ്ടായപ്പോഴാണു രാജസൂയത്തിനു കോപ്പ് കൂട്ടിയത്. യുദ്ധം കഴിഞ്ഞതു കൊണ്ടാകാം യാഗം നടത്താനുള്ള ധനം ഉണ്ടായിരുന്നില്ല. വീരത്വം കാണിച്ച യുദ്ധം കഴിഞ്ഞതേയുള്ളൂ. കണ്ണുരുട്ടിയാൽ ജനം കാശ് കൊടുക്കും. പാണ്ഡവർ പക്ഷെ അതിനു മുതിർന്നില്ല. ദ്വാപര യുഗത്തിൽ ഭരണാധിപന്മാർക്ക് ഇന്നത്തേ അപേക്ഷിച്ച് കുറച്ചു കൂടി ജനത്തോട് സ്നേഹമുണ്ടായിരുന്നു എന്നു കരുതണം. അഭ്യാസക്കാഴ്ചക്കുള്ള അരങ്ങൊരുക്കുമ്പോഴും രണ്ടാം തലമുറ രാജ്യപാതകൾ തുറന്നു കൊടുക്കുമ്പോഴും അതിൽ നിന്നും ധനം സമ്പാദിച്ച് രഹസ്യമായി സൂക്ഷിക്കണമെന്നു ഇരുപക്ഷത്തുള്ള രാജാക്കന്മാരാരുംവിചാരിച്ചില്ല. വ്യാസന്റെ നിശബ്ദത എത്ര തുരന്നു പരിശോധിച്ചാലും അതിനുള്ള ഒരു തെളിവും കണ്ടെത്താനാവില്ല.

രാജസൂയം നടത്താൻ അതു കൊണ്ട് യുധിഷ്ഠിരൻ വിഷമിച്ചു. കൃഷ്ണനാണു അതിനുള്ള പോംവഴി കാണിച്ചു കൊടുത്തത്. മരുത്തന്റെ ധനമെടുക്കുക. മരുത്തൻ വെറുതെ ധനം സൂക്ഷിച്ചിട്ടുണ്ട്. ധന സമ്പാദനം മൂർദ്ധന്യത്തിലെത്തിയാൽ അങ്ങനെ സമ്പാദിക്കുന്ന ധനം കൊണ്ട് ഒരു ഉപയോഗവുമില്ലാതാകും. പിന്നെയത് കുഴിച്ചിടുകയേ നിവർത്തിയുള്ളു. അത് പിന്നീട് ഉപകാരപ്പെടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ സ്വാർത്ഥമായി സ്വത്ത് സമ്പാദനത്തിനു ഇറങ്ങിത്തിരിക്കുന്നവർ ഇതൊന്നും ഓർക്കാറില്ല. മരുത്തൻ തന്നെ ഇന്നത്തെ നിലയിൽ ഒരു സ്വിസ് ബാങ്ക് നടത്തിയ ആൾ ആയിരിക്കണം.

എന്തായാലും രാജാവിനു ജനത്തിനു പുറത്ത് കരം ചുമത്താനോ ഉൽ‌പ്പന്ന വില വർദ്ധിപ്പിക്കാനോ തോന്നിയില്ല.

ജനപഥത്തിന്റെ ശാപം കിട്ടാത്തതു കൊണ്ടാകണം, പാണ്ഡവർക്ക് സ്വസ്ഥമായി വാനപ്രസ്ഥത്തിനു പോകാനായി.

പ്രപഞ്ച രഹസ്യത്തിലേക്കുള്ള വാതിൽ...

പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ മനസും വാക്കും മടങ്ങിപ്പോരുമെന്നു ഭാരതീയ ഋഷിമാർ കണ്ടെത്തിയിരുന്നു. അപ്പോൾ സാധാരണ ജനത്തിനു അതേക്കുറിച്ച് ഒരു ബോധമുണ്ടാകാനുള്ള വഴിയെന്താണെന്നവർ കാരുണ്യപൂർവ്വം ആലോചിച്ചു. പാരസ്പര്യത്തിലൂടെ അത് സാദ്ധ്യമാണെന്ന് അവർ കണ്ടെത്തി. പ്രപഞ്ചത്തിലുള്ള സകലതിനോടും പാരസ്പര്യത്തിൽ കഴിയാൻ അതുകൊണ്ടാനവർ ഉപദേശിച്ചത്. പക്ഷിമൃഗാദികളോടും സസ്യജാലങ്ങളോടും പാരസ്പര്യത്തോടെ നിന്നാൽ പ്രകൃതിയുടെ രഹസ്യം തുറന്നു കിട്ടും. അപ്പോൾ നമ്മൂടെ അറവുശാലകൾ പൂട്ടിപ്പോവില്ലെ? നാം കെട്ടിയുയർത്തിയ ആകാശചുംബികൾ പൊളിച്ചു കളയേണ്ടി വരില്ലെ? നാം അത് സ്വയം ചെയ്തില്ലെങ്കിൽ പ്രകൃതി തന്നെ നിശ്ചയ്യമായും ഒരു ദിവസം അത് ചെയ്യും.