നമ്മുടെ നാട്ടില്‍ ജൂവലറികളും തുണിക്കടകളും കഴിഞ്ഞാല്‍ കൂടുതലായിക്കാണുന്നത് ഭക്ഷണപ്പുരകളാണു.
ഇതിത്ര വ്യാപകമായിട്ട് പതിനഞ്ചോ ഇരുപതോ കൊല്ലമേ ആയിട്ടുള്ളു. തട്ടുകടള്‍, ചായക്കടകള്‍, നാടന്‍ ഹോട്ടലുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിങ്ങനെ അതിപ്പോള്‍ ശ്രേണിയായി വികസിച്ച് പോകുന്നു. ഇവിടെയെല്ലാം നല്ല തിരക്കും ആവശ്യത്തിനു കച്ചവടവും നടക്കുന്നുണ്ട്.
വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന ശീലമായിരുന്നു മലയാളിക്കു ഉണ്ടായിരുന്നത്. കാര്‍ഷിക സമൂഹത്തിന്റെ പ്രത്യേകതയാണു അതെന്ന് പറയാം. ഒന്നര നൂറ്റാണ്ട് മുമ്പ് അതിനു മാറ്റം വന്നു. മെക്കാളേയുടെ വിദ്യാഭ്യാസമാണു അതിനു കാരണം. ഭാരതത്തിന്റെ പാരമ്പര്യാധിഷ്ഠിതമായ അറിവിനെ തകര്‍ക്കാനും സമ്പത്ത് കൊള്ളയടിക്കാനും തീരുമാനിച്ച ദരിദ്ര ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ മെക്കാളെയുടെ വിദ്യാഭ്യാസം ഇവിടെ നടപ്പാക്കി. ദാരിദ്ര്യം കൊണ്ട് ചെയ്തു പോയതാണു. ദാരിദ്ര്യമില്ലാതിരുന്നെങ്കില്‍ കപ്പലുകേറി ഇത്ര ദൂരം വന്ന് പാവം ബ്രിട്ടീഷുകാര്‍ കഷ്ടപ്പെടുമായിരുന്നോ? മെക്കാളെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗം ഇതിനു തെളിവാണു. നാമിപ്പോള്‍ ഗള്‍ഫില്‍ പോകുന്നതിന്റെ പ്രേരണയും ഒരു തരം ദാരിദ്ര്യമല്ലേ? ചിന്തിച്ചു നോക്കുക.
മെക്കാളെയുടെ വിദ്യാഭ്യാസം നമ്മുടെ പരമ്പരാഗത അറിവിനെ വികൃതമാക്കി. അതേറ്റവും ബാധിച്ചതു അടുക്കളയേയാണു. നമ്മുടെ ഭക്ഷണശീലം മോശമാണെന്ന് നമുക്ക് തോന്നിത്തുടങ്ങി. പുതിയ തലമുറകള്‍ അത് വിശ്വസിച്ചു. നമ്മുടെ പാരമ്പര്യത്തെ പുശ്ചത്തോടെ നോക്കാന്‍ നമുക്കിപ്പോള്‍ തെല്ലും ലജ്ജയില്ല.പുതുലോകത്തിന്റെ പ്രതീക്ഷയില്‍'അടുക്കളയില്‍' നിന്നും സ്ത്രീ അരങ്ങത്തേക്ക് വന്നു. അടുക്കള തകരുകയും അതിരുകളില്ലാത്ത മത്സരങ്ങളുടെ ലോകം സ്ത്രീക്ക് തുറന്നുകിട്ടുകയും ചെയ്തു. അടുക്കള മോശമാണെങ്കിലും ആണുങ്ങള്‍ കുശിനിക്കാരാകുന്ന സര്‍വ്വകലാശാലാ വിദ്യാഭ്യാസം പിന്നീടുണ്ടാകുന്നതു കാണാം. സംഗതി അപ്പോള്‍ അത്ര മോശമല്ലെന്ന് ചുരുക്കം. സ്ത്രീകളെ അടുക്കളയില്‍ നിന്നും ഇറക്കണമെന്നേ "അടുക്കളയില്‍ നിന്ന് അറങ്ങത്തേക്ക്" എന്ന മുദ്രാവാക്യത്തിനു ലക്ഷ്യം ഉണ്ടായിരുന്നുള്ളു എന്നു വിചാരിക്കാം. സ്ത്രീകള്‍ പതുക്കെ കുടുംബം വിട്ടിറങ്ങി. പരമ്പര വഴി കിട്ടിയിരുന്ന അറിവിനെ അവര്‍ ഉപേക്ഷിച്ചു!തീയും പുകയുമേറ്റ് കരിയുന്ന അസ്വതന്ത്ര ലോകങ്ങളില്‍ നിന്ന് സ്ത്രീ മോചിതയായി. അടുക്കളയും, കുടുംബവും ഒന്നും ഇപ്പോള്‍ അവളുടെ പരിഗണനയില്‍ ഇല്ല.
യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുത ലോകമാണു അടുക്കള. അതു മനസ്സിലാകുന്നവര്‍ ചുരുക്കമാണു. ഓരോ അടുക്കളയും ഓരോ രസ പരീക്ഷണശാലകളാണു. കഞ്ഞിയായാലും സദ്യവട്ടമായാലും അതു നിര്‍മ്മിക്കപ്പെടുന്നത് ആരോഗ്യം ഉണ്ടാവണമെന്ന സങ്കല്‍പത്തോടെയാണു. പണമല്ല അവിടുത്തെ ലക്ഷ്യം. എന്നാല്‍ ഭക്ഷണപ്പുരകള്‍ അങ്ങനെയല്ല. അവിടെ കാശു മാത്രമേ നോട്ടമുള്ളു. നമ്മുടെ ആരോഗ്യം പോയാലും മുതലാളിക്ക് പണമുണ്ടാകണം. അമ്മയുടെ മനസ്സ് അങ്ങനെയല്ല. അമ്മയാണല്ലോ അടുക്കളയുടെ അധിപ.അടുക്കളയില്‍
അമ്മ രസാദ്ധ്യക്ഷയാണു. കുടുംബാംഗങ്ങള്‍ ഭക്ഷണം വഴി എതൊക്കെ രസങ്ങള്‍ കഴിച്ചാല്‍ നല്ല ആരോഗ്യത്തോടെ ഇരിക്കും എന്നാണു അമ്മ ആലോചിക്കുന്നതു. രസങ്ങള്‍ തീരുമാനിക്കുന്നതു കൊണ്ട് രസാദ്ധ്യക്ഷയായി. ഇന്നത്തെ അമ്മമാര്‍ക്ക് ഇത് തീരെ യോജിക്കില്ലെന്നറിയാം. അതിനുള്ള കഴിവ് അവര്‍ക്കില്ല. അവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നതു രസങ്ങളല്ല, ഫാസ്റ്റ് ഫുഡ് ഹോട്ടലുകളുടെ പേരുകള്‍ മാത്രമാണു. അവിടെക്കാണുന്നതൊക്കെ യാതൊരു വിവേചനവുമില്ലാതെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുകയും സ്വയം വെട്ടി വിഴുങ്ങുകയും ചെയ്യും. ആരോഗ്യത്തെ ഇതൊക്കെ ബാധിക്കുമോ എന്നൊന്നും നോക്കാറില്ല.
ഒരു വീട്ടില്‍ പലേതരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ടു എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണം പോര. പഠിക്കുന്ന കുഞ്ഞിനുള്ള ആഹാരമല്ല പറമ്പില്‍ പണിയെടുക്കുന്നാള്‍ക്ക് കൊടുക്കേണ്ടത്. അച്ഛനും ഭര്‍ത്താവിനും വ്യത്യസ്ഥമായിരിക്കണം ഭക്ഷണം. ഇങ്ങനെ ഓരോത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ആഹാരം വ്യത്യസ്ഥമാക്കിക്കൊടുക്കുന്ന മായാജാലം അമ്മമാര്‍ക്ക് മാത്രമറിയുന്നതാണു. അതു പരമ്പരയായി മാത്രമേ ലഭിക്കു.ഒരൊറ്റ വയ്പേ വീട്ടില്‍ കാണുകയുള്ളൂ. എങ്കിലും എല്ലാവര്‍ക്കും വ്യത്യസ്ഥ ഭക്ഷണം കിട്ടുകയും ചെയ്യും. ഭക്ഷണം വിളമ്പുന്നതു വഴിയാണു അതു സാധിക്കുന്നതു. പുഴുങ്ങിയ കോഴിമുട്ട സ്കൂളില്‍പ്പോകുന്ന മകന്റെ/മകളുടെ ചോറ്റുപാത്രത്തിലേക്ക് അറിയാതെ കയറിപ്പോകുന്നതും, പറമ്പില്‍ ജോലിക്കു പോകുന്ന ആളെ രണ്ടു കഷണം കപ്പ കൂടുതല്‍ തീറ്റിക്കുന്നതും ഒരു വിദ്യ. വിശ്രമിക്കുന്ന ഗൃഹനാഥനു പൊടിയരിക്കഞ്ഞിയും പപ്പടവും. ഗര്‍ഭിണിയായ സഹോദരിക്ക് വ്യാക്കിനു പറ്റുന്ന വിധം ഒരു പുളിയന്‍ കറി. ഭക്ഷണം നല്‍കുന്നതില്‍ പൊടിക്കൈ അനേകമുണ്ട്. രോഗം വന്നിരിക്കുന്ന മുത്തശ്ശിക്കു പാല്‍ വളെരെ നീട്ടി ഒരു പാനീയം. ഒന്നര വയസ്സുകാരനു ഏത്തക്കായ കൊണ്ട് ഒരു കുറുക്ക്. രസാദ്ധ്യക്ഷയുടെ മായാജാലം ഇങ്ങനെ അനവധിയുണ്ട്. ഇതൊക്കെ വലിച്ചെറിഞ്ഞാണു കേരള സമൂഹം ഷെഫുകളുടെ രസതന്ത്രത്തില്‍ ചെന്നു ചാടിയത്. പിന്നെ മൊത്തം ഗ്യാസ്സായി. സ്പോണ്ടുലോസ്സിസ്സായി. കാന്‍സറായി. ജീവിതം രോഗാതുരമായി.
ഏതിനും ഒരു നല്ല വശമുണ്ടാകുമല്ലോ. ഇവിടെയും അതില്ലെന്ന് പറയാന്‍ പറ്റില്ല. ആശുപത്രികളും ഡോക്ടറന്മാരും അതിനോട് ചുറ്റിപ്പറ്റി കുറേ മനുഷ്യരും ജീവിക്കുന്നു.
തൊഴിലിനായി പട്ടണപ്രവേശം നടത്തിയപ്പോള്‍ നമുക്ക് നഷ്ടമായതു വലിയൊരു പാരമ്പര്യവും അറിവുമാണു. സാമ്പത്തികമായും, സാമൂഹികമായും, ആരോഗ്യപരമായും ഈ ചുവടുമാറ്റം നമുക്ക് ഗുണം ചെയ്തിട്ടുണ്ടോ?ആള്‍ പ്രതിയുള്ള വരുമാനം റുപ്പികയുടെ കണക്കില്‍ വര്‍ദ്ധിച്ചു എന്ന് സമ്മതിക്കാം. പക്ഷെ ചിലവിനത്തില്‍ എന്തു മാറ്റം ഉണ്ടായി എന്നാരും കണക്ക് പറയുന്നില്ല. വീട്ടുവാടക, യാത്രക്കൂലി, ചികില്‍സാ ചെലവുകള്‍, പച്ചക്കറികള്‍ക്കും, ധാന്യത്തിനുമുള്ള വില ഒക്കെ പരിഗണിക്കുമ്പോള്‍ സാമ്പത്തികമായി പോലും മെച്ചമുണ്ടെന്ന് പറയാമോ?ആരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ അതിലും കഷ്ടമാണു കാര്യം. രോഗമില്ലാത്തവര്‍ ഇന്ന് ചുരുക്കമാണു. കഴിക്കുന്ന ആഹാരം കൊണ്ട് പോഷിപ്പിക്കപ്പെടുന്നതാണു ശരീരമെന്ന് നാം മറന്നിരിക്കുന്നു. കുട്ടികളൊക്കെ ചെറുപ്പത്തിലെ കണ്ണട ധരിക്കാനും ഇന്‍ഹേലര്‍ കൊണ്ട് നടക്കാനും തുടങ്ങി. ഭക്ഷണത്തിലുള്ള അപാകതയാണു പലപ്പോഴും രോഗങ്ങള്‍ക്ക് കാരണം. ഭക്ഷണപ്പുരകള്‍ അതിലേക്ക നല്‍കുന്ന സംഭാവന വളരെ വലുതാണു.
പരമ്പരാഗതമായ പലതും വിട്ടപ്പോള്‍ നെല്ലും തേങ്ങയും അക്കൂട്ടത്തില്‍ പോയി. തേങ്ങക്ക് വില 8ഉം 10ഉം ആകുമ്പോള്‍ മലയാളിക്ക് സന്തോഷം. കുറയുമ്പോള്‍ സങ്കടം.ഒരു തേങ്ങാക്കച്ചവടക്കാരന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനാണു മലയാളിക്ക് എപ്പോഴും താല്‍പര്യം. അല്ലാതെ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചാല്‍ ആരോഗ്യമുണ്ടാകുമെന്നും അതു വഴി ഗവണ്മെന്റിനു പൊതുജനാരോഗ്യ വകുപ്പില്‍ പണച്ചെലവു കുറയുമെന്നും ആരും ചിന്തിച്ചു കാണുന്നില്ല. ഒരു തരം കച്ചവടമനസ്ഥിതിയാണു നാം ഭക്ഷണമുള്‍പ്പെടെ എല്ലാ പ്രധാന കാര്യങ്ങളിലും പിന്തുടരുന്നത്. നമ്മുടെ പാരമ്പര്യത്തിലെ ഒരു ശക്തമായ കണ്ണിയായിരുന്ന തെങ്ങ് വെട്ടിമാറ്റിയിട്ടു വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതുമായ റബ്ബര്‍ അവിടെ പ്രതിഷ്ഠിച്ചു.എന്തിനു? നാലു കാശിനു. കാശു കണ്ടാല്‍ മലയാളി എന്തും നക്കും. ഒരു തരം ഉളുപ്പില്ലാത്ത ഇലാസ്റ്റിസിറ്റി റബ്ബര്‍ നമുക്ക് സംഭാവന ചെയ്തു കഴിഞ്ഞു! മലയാളിയുടെ ജെനോം മാപ്പ് കൂലങ്കഷമായി ഒന്ന് പഠിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അടുക്കളയുടെ സാമ്പത്തികവശം ആരും നോക്കിയിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനു ശരാശരി 20 രൂപ വച്ച് 4 അംഗങ്ങള്‍ ഉള്ള കുടുംബത്തിനു ഒരു ദിവസം 240 രൂപാ ചെലവാകും. ഒരു മാസത്തേക്കാകുമ്പോള്‍ 7200. കുടുംബ അടുക്കള ഇതിന്റെ അഞ്ചിലൊന്നോ ആറിലൊന്നോ കൊണ്ട് ഓടിക്കാന്‍ കഴിയും. എല്ലാ ദിവസവും തങ്ങള്‍ പുറത്തു പോയിക്കഴിക്കാറില്ലെന്ന് പറയുന്നവരോട് ഒന്നു പറയട്ടെ? പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ 240 രൂപയില്‍ കൂടുതല്‍ ഒരു നേരത്തിനു ചെലവാക്കുന്നുണ്ട്. ആലോചിച്ചാല്‍ ശരിയല്ലെ?ഇതു കൊണ്ട് ആരോഗ്യം മെച്ചപ്പെടുന്നുണ്ടോ? സാദ്ധ്യത കുറവാണു.
മലയാളി ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നതായ ഒരു ഭക്ഷണം എടുക്കാം. പോട്ടി. അതു കഴിക്കുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. അതാണല്ലോ ഇപ്പോഴത്തെ ദേശീയ ഭക്ഷണം. പണ്ട് ഈ സാധനം കഴിച്ചു കൊണ്ടിരുന്നതു വളര്‍ത്തു നായ്ക്കളാണു. അപൂര്‍വ്വം ചില അവസരങ്ങളില്‍ നായാടി വര്‍ഗ്ഗത്തില്‍പ്പെട്ടിരുന്നവരും ഉപയോഗിച്ചിരുന്നു. അതും ചത്ത മൃഗത്തിന്റെ നല്‍പ് നോക്കിയിട്ട് മാത്രം. ഇന്നത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.മൃഗക്കുടലാണു പോട്ടിയുടെ അടിസ്ഥാന ഘടകം. പശു, കാള, ആട് തുടങ്ങിയവയാണെങ്കില്‍ പുല്ലും, പന്നിയാണെങ്കില്‍ മിക്കവാറും മലവുമായിരിക്കും ആ കുഴലിലൂടെ മുന്‍പ് കടന്നു പോയിക്കൊണ്ടിരുന്നത്. അത് കഴുകി വൃത്തിയാക്കി അതില്‍ ഓരോതരം ഭക്ഷ്യവസ്തുക്കള്‍ സ്റ്റഫ് ചെയ്ത് തരികയാണു ചെയ്യുന്നത്. ഇനി നിങ്ങള്‍ ആലോചിക്കുക....
1. എത്ര ഭംഗിയായി കഴുകണം അതൊന്ന് സാമാന്യമായി വൃത്തിയാകണമെങ്കില്‍?
2. അങ്ങെനെ വൃത്തിയായി കഴുകാനുള്ള സാവകാശമൊക്കെ കച്ചവടക്കാര്‍ക്ക് ഉണ്ടാകുമോ?
3. M N C.കളുടെ സ്ഥാപനങ്ങള്‍ക്കു പോലും വീറും വൃത്തിയും സൂക്ഷിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചത്ത പല്ലി, എലിക്കാട്ടം, ചോരയൊക്കെ അവര്‍ വിളമ്പുന്ന ഭക്ഷണത്തിലും കണ്ടത്തിയിട്ടുണ്ട്. എങ്കില്‍ തട്ടു കടക്കാരനില്‍ നിന്ന്....?
4. പണ്ടുള്ളവര്‍ നമ്മെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും, വിവരദോഷികളും ആയിരുന്നിട്ടും എന്തു കൊണ്ട് ഇതു ഉപയോഗിച്ചില്ല. ദാരിദ്രമായിരുന്നെങ്കില്‍ വേണ്ടുവോളവും ഉണ്ടായിരുന്നു. എന്നിട്ടും...പോട്ടി...? ഇല്ല.
അപ്പോള്‍ അവര്‍ എവിടെ നിന്നോ മനസ്സിലാക്കി ഇതു ആരോഗ്യത്തിനു പറ്റുന്നതല്ല. ഇന്ന് നമുക്ക് ഭക്ഷണത്തേപ്പറ്റി അങ്ങനെ ഒരു അറിവില്ല. നാവിനുപറ്റുമെന്ന് കാണുന്ന എല്ലാം അങ്ങ് തട്ടുകയാണു. ശരീരത്തിനു പറ്റിയതാണോ എന്ന് നോക്കാറില്ല. കുറഞ്ഞ വിലക്ക്, ചിലപ്പോള്‍ വെറുതെ തന്നെ കിട്ടുന്ന റോ മറ്റീരിയല്‍ കൊണ്ട് ഉണ്ടാക്കാവുന്ന വമ്പിച്ച ലാഭമാണു പോട്ടിയുണ്ടാക്കുമ്പോള്‍ ഹോട്ടലുകാരന്റെ മനസ്സില്‍. അല്ലാതെ അതു കഴിക്കുന്നവന്റെ ആരോഗ്യമല്ല, അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് എല്ലാവരും ലാഭം നോക്കിയാണു ജീവിക്കുന്നത്. ഹോട്ടലുകാരനും വ്യത്യസ്ഥനല്ല.
മലയാളിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം. എന്നാല്‍ ആവശ്യമുള്ളതു പലപ്പോഴും അവനറിയില്ല.
ഒരു പുതിയ സാരി വാങ്ങുമ്പോള്‍ എന്തൊക്കെയാണു നമ്മുടെ സ്ത്രീകള്‍ നിരീക്ഷിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാഭം നോക്കും. സ്റ്റഫ് നല്ലതാണോ എന്നു നോക്കും. ഏതു കമ്പനിയുടേതാണു? ഏതു കടയില്‍ നിന്നാണു വാങ്ങേണ്ടതു. ഒക്കെ നല്ല ശ്രദ്ധയാണു! പോച്ചമ്പള്ളിയോ ഭൂതാരിയോ മെച്ചം? ഇഴയടുപ്പെം എങ്ങനെ? ബോര്‍ഡര്‍ നന്നായിട്ടുണ്ടോ? ബോഡിക്കളറുമായി മാച്ച് ചെയ്യുമോ? എന്തൊക്കെയാ ചര്‍ച്ചകള്‍?
എന്നാല്‍ ഒരു ഹോട്ടലില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വല്ലതും ചെയ്യുമോ? അവിടെ ഭക്ഷണം എങ്ങനെയാണൂ ഉണ്ടാക്കുന്നതു എന്ന് അന്വേഷിക്കാറുണ്ടോ? മാവും വെജിറ്റബള്‍സുമൊക്കെ നല്ലതായിരുന്നോ? ഇറച്ചിയെടുത്ത മൃഗത്തിനു പേയോ വസന്തയോ മറ്റോ ഉണ്ടായിരുന്നോ? അടുക്കളയുടെ വൃത്തി എങ്ങനെയുണ്ട്? ഭക്ഷണം ഉണ്ടാക്കുന്നവനു എന്തെങ്കിലും അസുഖമുണ്ടോ?(മിക്ക കുശിനിക്കാര്‍ക്കും കുഴിനഖമെങ്കിലും കാണും) ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കറിക്കൂട്ടുകള്‍ കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഉണ്ടക്കുമോ? ആരും ഇതൊന്നും അന്വേഷിച്ചിട്ടല്ല ഭക്ഷണം കഴിക്കുന്നത്. ചുമ്മാതങ്ങ് തട്ടും.
ഒരു കമ്മലോ ഇട്ടാല്‍ പത്തു ദിവസം കഴിയുമ്പോള്‍ കീറിപ്പോകുന്ന സാരിയോ വാങ്ങുമ്പോഴുള്ള അന്വേഷണത്വരയുടെ നാലിലൊന്നു പോലും ഈ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം വാങ്ങുമ്പോള്‍ നാം കാണിക്കാറില്ല. ഇതാണു മുന്‍പ് പറഞ്ഞതു ആവശ്യമുള്ള കാര്യത്തില്‍ മലയാളിക്ക് വിവേകമില്ല. അതവനെ വിചിത്രമായ ഒരു അവസ്ഥയിലാണു കൊണ്ടെത്തിച്ചിരിക്കുന്നതു. ഭക്ഷണം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ഒരു സമൂഹം! മലയാളികളേപ്പോലെ ഇങ്ങനെ ഒരു വര്‍ഗ്ഗത്തെ ലോകത്തില്‍ വേറെങ്ങും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാശുകൊടുത്ത് ആരോഗ്യം നഷ്ടപ്പെടുത്താനും രോഗം വാങ്ങാനും മലയാളിയേ ഉള്ളു. അതിനു മലയാളിക്ക് ഒരു മടിയുമില്ല.
മലയാളിക്ക് "മടി"ഇല്ല എന്ന് പറയുന്നതു അത്ര കണ്ട് ശരിയല്ല. ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമാണു മടി. അതിനു മടി മാത്രമേയുള്ളുതാനും.
ശമ്പളം വാങ്ങുമെങ്കിലും ജോലിചെയ്യാന്‍ മടിയാണു.
മണ്ണിളക്കാനും കൃഷി ചെയ്യാനും മടിയാണു. അതൊക്കെ തമിഴനു വിട്ടു കൊടുത്തിരിക്കുന്നു.
അവന്‍ അരി കൊണ്ടത്തന്നാലും ചോറുവയ്ക്കാന്‍ മടിയാണു. അതു കൊണ്ട് ഹോട്ടലില്‍ പോയി ഉണ്ണുന്നു.
കഞ്ഞി വക്കാന്‍ മടിയാണു, അതുകൊണ്ട് രാത്രിയില്‍ പാര്‍സലുമായി മടങ്ങുന്നു.
ഇഡലിക്ക് മാവരയ്കാന്‍ മടിയാണു അതു കൊണ്ട് അരച്ചമാവ് മേടിക്കുന്നു. ഒപ്പം രോഗാണുക്കള്‍ ഫ്രീ.
കാറു മേടിക്കാന്‍,
സാരി മേടിക്കാന്‍,
സ്വര്‍ണ്ണം പുതുക്കി മേടിക്കാന്‍,
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കറങ്ങിനടക്കാന്‍, ഇതിനൊന്നും മടിയില്ല.
പക്ഷെ ഒരു ചമ്മന്തിയരക്കാന്‍,
അടയുണ്ടാക്കാന്‍,
ചായയിടാന്‍ ഒക്കെ മടിയാണു സ്ത്രീക്ക്.
പുരുഷനാണെങ്കില്‍ അങ്ങനെയല്ല.
യാതൊരു മടിയും കൂടാതെ ചില കാര്യങ്ങളെങ്കിലും ചെയ്യും.
വൈകിട്ടെന്താ പരിപാടിയെന്നാലോചിച്ചു കൊണ്ട് നേരെ ബിവറേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ പോയി ക്യൂ നില്‍ക്കും.
അല്ലെങ്കില്‍ ബാറില്‍പ്പോയി രണ്ട് ലാര്‍ജ്ജ് ഫിറ്റ് ചെയ്യും.
അങ്ങനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം കേരളത്തില്‍ പൂര്‍ണ്ണമാകുന്നു.
ശുഭം
മേമ്പൊടി :
തെറി പറയാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അതു മനസിലൊതുക്കാതെ കമന്‍സില്‍ ഇടുക. ലേഖകന്‍ അത് അര്‍ഹിക്കുന്നുണ്ട്. ഇനി, എഴുതാന്‍ പറ്റാത്തവല്ലതുമുണ്ടെങ്കില്‍ മൊബീല്‍ ഫോണിലേക്ക് വിളിച്ചു പറയാം. അതിനു നമ്പര്‍ ആവശ്യമുള്ളവര്‍ ഓര്‍ക്കുടില്‍ സ്കാര്‍പ്പിട്ടാല്‍ നല്‍കുന്നതായിരിക്കും.