Monday, June 3, 2013

വൈറൽ പനികളും ആയുർവ്വേദവും

“പനി. ശരീരമാസകലം വേദന. തലക്ക് പെരുക്കും. കണ്ണ് കഴപ്പ്. അരക്കെട്ടിനും പാദങ്ങൾക്കും കഠിനമായ വേദന. അനങ്ങാൻ പ്രയാ‍സം. മൂന്നു ദിവസം വിയർക്കും. ചിലർക്ക് മൂക്കിൽ നിന്നു ചോരവരും. അഞ്ചാം നാൾ പനി പെട്ടെന്നു കൂടും. ലക്ഷണങ്ങൾ ശക്തമായി ആ‍വർത്തിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പനിവിടുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യും................“

ആഗന്തുകജ്വരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുരുനാഥൻ പറഞ്ഞു.

പണ്ടും കേരളത്തിലെ ചിലപ്രദേശങ്ങളിൽ ആഗന്തുക ജ്വരം ഉണ്ടായിട്ടുണ്ട്. അതിനു ആയുർവ്വേദത്തിൽ ചികിത്സയുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവ്വേദം ഇത്തരം രോഗങ്ങളിൽ പഠനം നടത്തിയിട്ടുള്ളതാണു. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധികളായി പരിണമിക്കുമെന്നു ആചാര്യന്മാർക്ക് അറിയാമായിരുന്നു. അപ്പോൾ ഭയം വർദ്ധിക്കുകയും മരണസംഖ്യ വലുതാവുകയും ചെയ്യും.

രസധാതുവിനെ ബാധിക്കുന്ന രോഗമാണു ഇത്തരം പനികൾ. വളർത്തു ജന്തുക്കളും, കൊതുക്, ഈച്ച, എലി തുടങ്ങിയ വീടുകളിൽ കാണപ്പെടുന്ന അന്യജന്തുക്കളും ഇതു വ്യാപകമാക്കാറുണ്ട്. എന്നാൽ അവയേ ഒന്നും തന്നെ വ്യത്യസ്ഥപേരുകൾ ഇട്ട് വിളിക്കണ്ട കാര്യമില്ല. ശുദ്ധവൃത്തികൾ നഷ്ടപ്പെടുന്നതും മാലിന്യം കുന്നുകൂടുന്നതുമാണു രോഗങ്ങൾ ആരംഭിക്കാൻ കാരണം. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച ജീവിതം മറ്റൊരു കാരണമാണു. ഭക്ഷണ ശീലം മാറുന്നതാണു പാരമ്പര്യ വ്യതിചലനത്തിന്റെ ആദ്യത്തെ ലക്ഷണം. പിന്നെ തൊഴിൽ, കുടുംബബന്ധങ്ങൾ അങ്ങനെ ഓരോന്നും മാറുമ്പോൾ അതു പൂർണ്ണമാകുന്നു...........

ചില സന്ദർഭങ്ങളിൽ ഇതൊന്നും തടയുവാൻ ആർക്കും കഴിയില്ല. അതു കാലസ്വഭാവമാണു. ‘കാലോ ജഗത് ഭക്ഷക” എന്നാണല്ലൊ. കാലം ഈ ജഗത്തിനെ തിന്നു തീർക്കും. ഭുക്ക് വർദ്ധിക്കുമ്പോൾ കാലവും ആർത്തിയോടെ തിന്നെന്നിരിക്കും. കാലത്തിനു മനുഷ്യൻ രുചിപ്രദമായ ഒരു ഭക്ഷണമാണു. ഇതൊക്കെ മനസിലാക്കിയിരുന്ന പുർവ്വികർ പുണ്യമുള്ളവരെ സംരക്ഷിക്കാനായി ഇതിനു പ്രത്യൌഷധങ്ങൾ നിർദ്ദേശിച്ചു.

ഒന്നു മുതിരരസം. മുതിരയോ മാംസമോ സൂപ്പുവച്ച് അതിന്റെ ആവി കൊള്ളുന്നതും ഉത്തമമാണു. ആന്ദഭൈരവ രസം, ശീതാംശുരസം എന്നു രണ്ട് ഔഷധങ്ങൾ ഉണ്ട്. വൈദ്യന്മാർ നിർമ്മിക്കുന്നതാണവ. അവയോരോന്നും ഈരണ്ട് അരിമണി വലുപ്പം ഇഞ്ചിനീരും തേനും ചേർത്തു സേവിച്ചാൽ ഏതു അത്യാസന്ന നിലയിൽ നിന്നും രോഗിയെ രക്ഷിക്കാൻ കഴിയുമെന്നു ആചാര്യന്മാർ പറയുന്നു. പനിയോടൊപ്പം തൊണ്ടവേദനകാണും. അതിനു താലീസപത്രാദി. പഞ്ചകോലം കഷായവും കഴിക്കണം. ഏറ്റവും മികച്ച ഔഷധം പ്രകൃതി നേരിട്ട് തരുന്നതാണു. അതിൽ കലർപ്പുണ്ടാകാൻ ഇടകുറവാണു. 41 വെള്ളില കഞ്ഞിവെച്ചു കുടിക്കാം. ചെറുകടലാടി അരച്ചും കഴിക്കാം. രണ്ടുമാകാം. ഇതൊക്കെ മതിയാകും രസധാതുവിനെ ബാധിക്കുന്ന പനികൾ അകറ്റുവാൻ.

ഇന്നു കാണുന്ന പനികൾക്ക് പേരുകൾ പലതുണ്ടെങ്കിലും സ്വഭാവത്തിൽ അവ ആഗന്തുകജ്വരത്തിൽ നിന്നു വ്യത്യസ്ഥമല്ല. പുണ്യമുള്ളവർക്ക് ആയുർവ്വേദം വാതിൽ തുറന്നു വച്ചിട്ടുണ്ട്.

മേമ്പൊടി : ആഗന്തുക ജ്വരങ്ങൾക്ക് കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന വിവിധതരം പനികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അതു വാസ്തവമാണു.

Wednesday, May 29, 2013

ഇന്ത്യൻ യുക്തിവാദം

ഒരു യുക്തിവാദിയുടെ ജൈവപൈതൃകം എത്ര തലമുറകൾ വരെ പിന്നിലേക്ക് യുക്തി ഭദ്രമായി തെളിയിക്കാനാവും? അച്ഛൻ, അപ്പുപ്പൻ, അപ്പുപ്പന്റെ അച്ഛൻ അങ്ങനെ പിന്നിലേക്ക് പോയാൽ...........

അച്ഛന്റെ കാര്യം അമ്മ പറയുന്നത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ജനിതക പരീക്ഷണങ്ങളിലൂടെ തെളിയിക്കാമെന്നു വയ്ക്കാം. അച്ഛൻ മരിച്ചുപോയാലും മതപരമായ വിശ്വാ‍സത്തിന്റെ പുറത്തു സൂക്ഷിച്ചിട്ടുള്ള വല്ല എല്ലോ കരിയോ പരീക്ഷിച്ചാലും പിടികിട്ടുമെന്നു വയ്ക്കാം. ഇവിടെ യുക്തിവാദിയെ രക്ഷിക്കാനെത്തുന്നത് അന്ധവിശ്വാസമാണെന്നു ഓർക്കണം. സഞ്ചയിച്ചു വച്ചിരിക്കുന്ന പിതൃശിഷ്ടം.

ആ പരമ്പരയ്ക്കും പിന്നിലേക്ക് പോകുമ്പോൾ ജൈവചങ്ങലയിലെ കണ്ണി ഭിത്തിയിലിരിക്കുന്ന ഒരു ഫോട്ടോ മാത്രമായി എന്നു വരാം. ഫോട്ടോ ഒരു തെളിവാനൊ? അതു എത്രകണ്ട് ശാസ്ത്രീയവും യുക്തിഭദ്രവുമാണു. അമ്മയോട് ചോദിച്ചപോലെ ചോദിക്കാൻ ആളില്ലെങ്കിൽ കുഴങ്ങി. ഫോട്ടോയിലിരിക്കുന്ന ആൾ തന്നെയാവണം യഥാർത്ഥ സൂത്രധാരൻ എന്നില്ലല്ലോ. അവിടെ നിന്നും പിന്നിലേക്കു പോകുമ്പോൾ പൈതൃകം നാമങ്ങളിലേക്ക് ഒതുങ്ങുന്നതു കാണും. രേഖകളിലൊക്കെ കാണുന്ന പേർ മുത്തച്ഛന്റെയോ മുത്തച്ഛന്റെ അച്ഛന്റെയോ ആണെന്നു പറഞ്ഞ് അങ്ങ് വിശ്വസിക്കുകയാണു. തെളിവൊന്നുമില്ല. അല്ലെങ്കിൽ നിയമപരമായ തെളിവ് മാത്രമേ ഉള്ളു. ജൈവപരമായി എന്തുതെളിവു കിട്ടും, ആ പറയുന്ന ആൾ തന്നെയാണു പിതാമഹൻ എന്നു? പിന്നയും പുറകിലോട്ട് പോയാലോ, കേട്ട് കേഴ്വികൾ മാത്രമാകും. അതൊക്കെ ചുമ്മാ അങ്ങ് വിശ്വസിക്കണം. യുക്തിവാദികൾ എതിർക്കുന്ന അന്ധവിശ്വാസത്തിൽ അവർ അങ്ങനെ എത്തിച്ചേരുന്നു............ എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു വിശ്വാസമായതു കൊണ്ട് ഇതിൽ പ്രശ്നമൊന്നും വരുന്നില്ല.

സ്വന്തം പൈതൃകത്തെപ്പോലും ജൈവപരമായി തെളിയിക്കാൻ കഴിയാത്ത യുക്തിവാദി ഏതെങ്കിലും അമ്പലത്തിലിരിക്കുന്ന വിഗ്രഹത്തെ സംബന്ധിച്ച് യുക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അതിനു എത്രമാത്രം സാധുതയുണ്ട്? ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിനു നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വാസിപറയുന്നതിനെ സ്വന്തം ജൈവശൃംഗലയിലെ പത്താമത്തേയോ ഇരുപതാമത്തേയോ ആളിന്റെ പേരുപോലും ഓർക്കാത്ത യുക്തിവാദി എങ്ങനെ യുക്തിപൂർവ്വം നിഷേധിക്കും? ശിലയിലോ തടിയിലോ ചെയ്തുവച്ചിരിക്കുന്ന ഒരു എഞ്ജിനിയറിങ്ങിനെ അതിന്റെ യുക്തി കൊണ്ട് നിഷേധിക്കാൻ അറിയില്ലെങ്കിലും അതിനു പണ്ട് സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നു ഒരു യുക്തിവാദി എങ്ങനെ നിശ്ചയിക്കും? ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അതിനെ നിഷേധിക്കാൻ ഒരു യുക്തികണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് അതു ഉപേക്ഷിക്കുന്നു എന്നു വേണമെങ്കിൽ യുക്തിവാദിക്ക് തീരുമാനിക്കാം. എന്നുവച്ച് വിശ്വാസിയുടെ വിശ്വാസത്തെ തള്ളിപ്പറയാനുള്ള അവകാശം അതു നൽകുന്നില്ല. വിശ്വാസത്തെ യുക്തിഭദ്രമായി നിഷേധിക്കാനുള്ള കോപ്പുകൾ കിട്ടുന്നതുവരെ യുക്തിവാദി അടങ്ങിയിരിക്കുന്നതായിരിക്കില്ലെ യുക്തി?

ഓം..ശാന്തി!...ശാന്തി


ലേബൽ : ജീവിതത്തിനില്ലാത്ത യുക്തി മറ്റുകാര്യങ്ങളിൽ ഉപയോഗപ്പെടുത്തിയാലുള്ള ഫലം

ജാതി ചോദിക്കണം, പറയണം.............


ജാതി പറയുകമാത്രമല്ല; ജാതിരാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും
ഡോ.എം.എ കുട്ടപ്പന്‍

*****************************************

ഡോ.എം.എ കുട്ടപ്പന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജാതി ചോദിക്കണം. അഭിമാനത്തോടെ സ്വന്തം ജാതി പറയണം.

കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഡോ.എം.എ കുട്ടപ്പന്‍ ഉൾപ്പെടുന്ന ദളിത് ജനതയാണു. നൂറ്റാണ്ടുകളായി കേരളത്തെ ലോകശ്രദ്ധയിൽ നിലനിർത്തിയ കാർഷികവൃത്തി അവരുടെ നേതൃത്വത്തിലായിരുന്നു. അവരുടെ ജീവിതം എന്നും പ്രകൃതിയോട് ഇണങ്ങിയതായിരുന്നു. ആധുനികനേപ്പോലെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായിരുന്നില്ല അവർ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തത്. പ്രകൃതി ഉപേക്ഷിക്കുന്ന വസ്തുക്കൾ കൊണ്ടവർ വീടു കെട്ടി. ലളിതമായിരുന്നു അവരുടെ ജിവിതം. ചുറ്റുപാടുകളെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിച്ചു. അതുവിശിഷ്ടമായ ഔഷധങ്ങൾ അവർ കണ്ടെത്തി. അവരിൽ ഭൂരിപക്ഷവും വിഗ്രഹാരാധകരായിരുന്നില്ല. പക്ഷെ പ്രകൃതിയുടെ അന്ത:സത്തയെ ഉപാസിച്ചു. അതിന്റെ നന്മ എല്ലാർക്കുമായി പങ്കുവെച്ചു.

വരത്തന്മാരായ ബ്രാഹ്മണരും, അവരിൽ നിന്നും ഉൽഭവിച്ച നായരീഴവാദികളും സ്വകാര്യസ്വത്തു സമ്പാദിക്കുകയും ജന്മികളായി മാറുകയും ചെയ്തിട്ടും ദളിതർ പ്രകൃതിയിൽ വിശ്വാസമർപ്പിച്ച് കഴിഞ്ഞു. എല്ലാവർക്കും സ്വന്തമായ പ്രകൃതി ഒരു വിഭാഗം കയ്യടക്കാൻ തുടങ്ങിയിട്ടും അവർ പരിഭവിച്ചില്ല. കാരണം അവർ കർമ്മ നിരതർ മാത്രമായിരുന്നു. ‘കസ്യസി ധനം?’ എന്ന ഉപനിഷ്ത് പ്രശ്നം സ്വയം ചോദിച്ച് അതിന്റെ ഉത്തരം തിരിച്ചറിഞ്ഞ ഒരു ജനതയായിരുന്നു, ദളിതുകൾ.

16 ആം നൂറ്റാണ്ടോടെയാണു അവർക്ക് പതിത്വം കല്പിച്ചു തുടങ്ങിയത്. അതു യൂറോപ്യന്മാരുടെ വരവോടെ ആയിരുന്നു താനും. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതിയെ യൂറോപ്യന്മാരായ അക്രമണകാരിൽ പങ്കു വച്ചു. കാടുകൾ കയ്യേറി. ദളിതുകളുടെ ഉപാസനകളെ വെല്ലുവിളിച്ചു. അതിനു ഇതരരേയും കൂട്ടുപിടിച്ചു. തങ്ങളുടെ ഉച്ഛിഷ്ടത്തിന്റെ ഒരു പങ്ക് ഈ കൂട്ടാളികൾക്ക് കൊടുത്തു. നായരും ഈഴവനും നമ്പൂതിരിയുമായിരുന്ന അവരിൽ പലരേയും മതം മാറ്റി. ഈ ഉന്നതജാതിക്കാർ നിസ്സാരമായി സ്വന്തം വിശ്വാസത്തെ ത്യജിക്കുന്നവരാണെന്നു കണ്ട് പാശ്ചാത്യർ സന്തോഷിച്ചു. അപ്പോഴും കേരളത്തിലെ ദളിതർ സ്വന്തം സ്വത്വം സൂക്ഷിക്കുകയാണു ചെയ്തത്. അവർ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്നു. മതം മാറിയ മറ്റുവർണ്ണികളാണു ദളിതരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മതം മാറ്റാൻ തുടങ്ങിയത്. അതു മിക്കവാറും അവരുടെ Work Force നിലനിർത്താനാവണം. അപ്പോഴേക്കും ലോകം ചൂഷണം കൊണ്ട് ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു.

ഡോ.എം.എ കുട്ടപ്പന്‍ ജാതിരാഷ്ട്രീയത്തിനായി പ്രവർത്തിക്കുമെന്നു പറയുമ്പോൾ ദളിതരുടെ സ്വത്വം നിലനിർത്തുന്ന ഒരു രാഷ്ട്രീയമായിരിക്കണം മുന്നിൽ കാണേണ്ടത്. അതു തിരിച്ചറിയാൻ പുറത്തു നിന്നു ആരുടേയും സഹായം ആവശ്യമില്ല. അതിനു ദളിത് പാരമ്പര്യത്തിലേക്ക് ഒന്നു ഉറ്റുനോക്കിയാൽ മതി. ഇന്നത്തെ സാമൂഹിക ഘടനയിൽ നിന്നു കൊണ്ട് ദളിതരെ പരിഷ്കരിക്കാൻ പോയാൽ പരാജയമാകും ഫലം. ഡോക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പേരിനു മറ്റൊരു സംഘടയുണ്ടാക്കി സംഘർഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദളിത്‌സമൂഹത്തിനുള്ള അപാരമായ അറിവിന്റെ ഖനി ആ പ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിയാൽ അത്ഭുതങ്ങളാകും സംഭവിക്കുക. കൃഷിയിലും, മൃഗപരിപാലനത്തിലും, വൈദ്യത്തിലുമുള്ള അവരുടെ പാരമ്പര്യ അറിവുകളെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉപയോഗിക്കുക. മറ്റുവർണ്ണക്കാരാണു ഇന്നതു മാർക്കറ്റ് ചെയ്തു കോടികൾ സമ്പാദിക്കുന്നത്. അതു ദളിതന്റെ സ്വത്താണു. ദളിതർ അതു തിരിച്ചറിയണം. തിരിച്ചെടുക്കണം.

മലയാളിയുടെ ഡ്രസ്സ്കോഡ്

ഏഴെട്ടുവയസ്സുവരെ ആണിനും പെണ്ണിനും കാര്യമായി തുണിയുടുപ്പൊന്നുമില്ല. കഷ്ടി ഒരു കൂമ്പാളയോ, കട്ടിക്കോണകമോ അരയിൽ കണ്ടേക്കും. കുറച്ച്കൂടി മുതിർന്നാൽ ഒരു ചുട്ടിത്തോർത്തു. മുണ്ട് ഒരു ആഡംബരമാണു. എത്ര വലുതയാലും അർദ്ധനഗ്നർ. പൊതുക്കുളത്തിൽ നിന്നു കുളിച്ചെന്നു വിചാരിച്ച് ആരും ഒളിഞ്ഞുനോക്കാൻ ചെല്ലില്ല. മാറിടം കാട്ടിനടന്നിട്ടും ആർക്കും വികാരമൊന്നുമുണ്ടായി കയറിപ്പിടിച്ചില്ല. ഇന്നത്തെപ്പോലെ സ്കൂളിലോ, കോളേജിലോ പോയി പഠിച്ചവരൊന്നുമല്ല. അക്ഷരമെഴുത്തും വായനയും കഷ്ടി. എന്നാലും വിവേകമുണ്ടായിരുന്നു. പിന്നീടാണു ബ്ലൌസിടാനുള്ള സമരം വന്നത്. പെട്ടെന്നു നാണം വരാൻ കാരണമെന്താണെന്നു മനസിലാകുന്നില്ല. ഇവിടുത്തെ അർദ്ധനഗ്നരേക്കാൾ സാമൂഹികവും, സാമ്പന്തികവുമായി പിന്നോക്കമായി കഴിഞ്ഞ ഒരു കൂട്ടർ വന്നതിൽ പിന്നെയാണു അതുണ്ടായത്. പണ്ടൊരു പാതിരി വന്നപ്പോൾ പരാതിപ്പെട്ടത് “ഇവിടെ ഒരു തുന്നൽക്കാരൻ പോലുമില്ല” എന്നാണു. മലയാളിയുടെ ഡ്രസ്സ് കോഡ് വളരെ സിമ്പിളായിരുന്നു. സായിപ്പ് വന്നതോടെ പെട്ടെന്നു നമ്മുടെ സംസ്കാരം പ്രാകൃതമായി. ശരീരത്തിലെ അവയവങ്ങൾക്ക് അതുവരെയില്ലാത്ത വിവേചനം വന്നു. എന്നിട്ട് അവർ പറഞ്ഞതു കേട്ട് അതു മൂടിവച്ച് ഒരു ഒന്നൊന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ പഴയ പ്രാകൃതരെ ലജ്ജിപ്പിക്കുന്ന വിധത്തിൽ മനുഷ്യന്റെ സ്വഭാവം മാറി. സർവ്വത്ര പീഡനം! ഒരു 600 കൊല്ലത്തെ കേരള ചരിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ തോന്നിയതാണു. എന്താ...........

ആരാണു വൃദ്ധർ?

നിങ്ങളുടെ മക്കൾ നിങ്ങളെ സംരക്ഷിക്കുന്നില്ലെന്നു നിങ്ങൾക്ക് പരാതിയുണ്ടോ? എങ്കിൽ അതു അവരുടെ കുറ്റമല്ല. അവർ നിങ്ങളേക്കാൾ പ്രായം കൂടിയവരാണു.

കറ്റാനത്തിനു സമീപമുള്ള ഒരു വയോകേന്ദ്രം സന്ദർശിച്ചപ്പോൾ ഗുരുനാഥൻ പറഞ്ഞതാണു.

നിയമം കൊണ്ട് പ്രായപൂർത്തി നിശ്ചയിക്കുന്ന ഏകജീവി ആധുനിക മനുഷ്യൻ മാത്രമാണു. പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും അതു സ്വാഭാവികമായി ഉണ്ടാകുന്നതാണു. കാക്കയോ പൂച്ചയോ നായയോ ഇത്രമത്തെ വയസ്സിലേ പ്രായപൂർത്തിയാകാവൂ എന്നു ഒരു സർക്കാറും നിശ്ചയിക്കാറില്ല. അങ്ങനെ നിശ്ചയിച്ചാൽ തന്നെ അവയൊന്നും അതു പരിഗണിക്കുകയുമില്ല. ജന്തുജാലം അവയുടെ ഉള്ളിലെ ബയോക്ലോക്കിൽ രേഖപ്പെടുത്തിയ സമയമാകുമ്പോൾ പ്രായപൂർത്തിയാകും. എന്നാൽ മനുഷ്യനു അങ്ങനെയല്ല. അവൻ നിയമം കൊണ്ടാണു പ്രായപൂർത്തിയാകുന്നത്.

18 വയസിലെ ഒരു പെൺകുട്ടി പ്രായമാകു എന്നു നാം എന്തടിസ്ഥാനത്തിലാണു നിശ്ചയിക്കുന്നത്? പ്രകൃതി അതിനു മുൻപേ അവളെ / അവനെ സജ്ജമാക്കിക്കഴിഞ്ഞെങ്കിൽ നമ്മുടെ നിയമത്തിനു എന്താണു അർത്ഥം? ട്രാഫിക്ക് നിയമം പോലും പഠിച്ച് അനുസരിക്കാൻ തയ്യാറാകാത്ത നാം ജൈവശാസ്ത്രപരമായി ഉത്തേജിക്കപ്പെടുന്ന കാര്യങ്ങളിലെ നിയമം അനുസരിക്കുമോ?

ഒരു ജീവി പ്രായപൂർത്തിയാകുന്നതിന്റെ 6 ഇരട്ടിയാണു അവന്റെ ആയുസ്സ്. അങ്ങിനെയാണു ആയുർവ്വേദം പറയുന്നത്. ഒരു ജീവിക്ക് തന്നെപ്പോലെ തന്നെ ആരോഗ്യമുള്ള മറ്റൊരു പ്രജയെ ഉൽ‌പ്പാദിപ്പിക്കാൻ മാനസികവും ശാരീരികവുമായ കഴിവ് ഉണ്ടാകുന്ന സമയത്തേയാണു പ്രായപൂർത്തി എന്നു ജീവശാസ്ത്രം. ഒരു 50 വർഷം മുൻപുവരെ അതു പെണ്ണിനു 16ഉം ആണിനു 20ഉമായിരുന്നു. അക്കാ‍ലത്തു രോഗങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മനുഷ്യൻ ഏതാണ്ട് 100 വർഷംവരെ ആരോഗ്യത്തോടെ ജീവിക്കുമായിരുന്നു. പിന്നീട് ആധുനികതയുടെ കടന്നു കയറ്റത്തോടെ ഇതു കുറയാൻ തുടങ്ങി. 30കൊല്ലം മുൻപ് ഇതു 14/18 ആയി. ശരാശരി ആയുസ്സ് 80ലേക്ക് ചുരുങ്ങി. പിന്നീടുള്ള കാലത്ത് പ്രായപൂർത്തിയാകുന്ന പ്രായം കുത്തനെ ഇടിഞ്ഞു. ഇപ്പോഴത് 8/12 ആയിട്ടുണ്ട്. അതായത് ഒരു കുട്ടിജനിച്ചാൽ സ്വാഭാവികമായ വളർച്ചയേക്കാൾ വേഗത്തിൽ അതു വയസ്സാകുന്നു. എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന ഭാവത്തിൽ കോശങ്ങൾ പെട്ടെന്നു വളരുന്നു. വൃദ്ധരാകുന്നു. 50-60 വയസ്സിനുള്ളിൽ മരിക്കുന്നു. അപ്പോഴും അവനെ സൃഷ്ടിച്ചവർ ഇരിപ്പുണ്ടാകാം.

പ്രായപൂർത്തിയാകുന്ന ഒരു പെൺകുട്ടി അതിന്റെ 3ഇരട്ടിക്കാലം പ്രത്യുല്പാദനക്ഷമമായി ഇരിക്കും. അതുകൊണ്ടാണു 16 വയസ്സിൽ പൂർണ്ണവളർച്ച എത്തിയവൾ 50 വയസ്സുവരെയൊക്കെ പണ്ട് പ്രസവിച്ചിരുന്നത്. ഇന്നിപ്പോൾ 24 വയസ്സ് കഴിയുന്നതോടെ പ്രസവിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. പെറ്റാൽ തന്നെ അമ്മയ്ക്കും കുഞ്ഞിനും രോഗം. പല കുട്ടികളും ഓട്ടിസ്റ്റിക്. പെൺകുട്ടികളിൽ കൌമാരം കഴിയുന്നതിനു മുൻപേ PCOD എന്നു ഓമനപ്പേരിട്ടുവിളിക്കുന്ന പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങൾ. ആണിനു കൌണ്ട്കുറവ്. പിന്നെ പരസ്യങ്ങളിലൊക്കെ കാണുന്ന ഉത്തേജനൌഷധം വാങ്ങാൻ ഇടയാക്കുന്ന സൂക്കേടുകൾ. പണ്ട് 70 വയസിലൊക്കെ സൂചനകൾ കണ്ടുതുടങ്ങുമായിരുന്ന പ്രോസ്ട്രേറ്റ് ഇന്നു 40നു മുൻപേ ഹാജർ.

ചുരുക്കത്തിൽ നിങ്ങളുടെ മക്കൾ നിങ്ങളേക്കാൾ വൃദ്ധരാണു. അവർക്ക് നിങ്ങളെ സംരക്ഷിക്കാനാവില്ല. അവരുടെ മനസ്സുകൾ കടുത്ത വാർദ്ധക്യത്തിലാണു. നിങ്ങളെ കാണുന്നതു തന്നെ അവർക്ക് അസ്വസ്ഥതയുണ്ടാക്കും. അതു കൊണ്ട് എത്രയും പെട്ടെന്നു സ്ഥലം വിട്ടുകൊള്ളുക. അവരുടെ മുന്നിൽ നിന്നും കഴിവതുംദൂരെ മാറി വല്ലയിടത്തും പോയി സ്വസ്ഥമായി മരിക്കുക. പണ്ടുള്ളവർ കാശിക്കൊക്കെ പോയിരുന്നു. അതുപോലെ എന്തെങ്കിലും നോക്കുക.