Sunday, July 4, 2010

അപ്പോൾ നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?

കേരളം കണ്ട മികച്ച ധനകാര്യമന്ത്രിയാരാണെന്ന് ചോദിച്ചാൽ അത് തോമസ് ഐസക്ക് ആണെന്ന് പറയാമെന്ന വിധത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ‘ട്രഷറി ബാൻ’ എന്നൊരു വാക്ക് ഉച്ചരിക്കാതെയാണു നാലുവർഷം കടന്നു പോയത്. നികുതി വരുമാനം കൂടി. അത് പിരിച്ചെടുക്കാൻ ഉത്സാഹവും കാണിച്ചു. വളരെ ആരോപണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ചെക്ക് പോസ്റ്റുകൾ ഇന്ന് ശാന്തമാണു. വില്പന നികുതി വകുപ്പ് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നു. ധനമന്ത്രിയുടെ ഉപദേഷ്ടാക്കൾ പക്കാ പരിഷത്തുകാരായിട്ടും ഇതൊക്കെ എങ്ങനെ സാധിച്ചു എന്നതാണു അത്ഭുതം. അവിടെയാണു മന്ത്രിയുടെ ധനകാര്യത്തിലുള്ള അറിവും വിവേകവും പ്രായോഗികമതിത്ത്വവും കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും നാം കാണുന്നത്. ഇതിനു മറ്റൊരു തെളിവാണു നിക്ഷേപങ്ങൾ സംഘടിപ്പിക്കുന്നതിനു എം.എൽ.എ മാർക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇൻസെന്റീവ്.

ഴകുള്ളവനേക്കാണുമ്പോൾ അപ്പാ എന്ന് വിളിച്ചു ശീലിച്ച മലയാളിക്ക് ട്രഷറികളോട് എന്നും പുച്ഛമായിരുന്നു. തൂങ്ങിച്ചാവേണ്ടി വന്നാലും ആവറേജ് മലയാളി സർക്കാർ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കില്ല. ന്യൂജനറേഷൻ ബാങ്കുകളാണു അവർക്ക് പഥ്യം. സർക്കാർ - പൊതുമേഖലയുടെ കയ്യിലിരിപ്പും ഒരു പരിധി വരെ ഇതിനു കാരണമായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊക്കെ മാറിത്തുടങ്ങി. അത് സമ്മതിക്കാൻ പലർക്കും വിഷമമാണെങ്കിലും സത്യമതാണു. അതിനു ഏറ്റവും നല്ല ഒരു ഉദാഹരണമാണു കെ.എസ്.ആർ.ടി.സി.

എം.എൽ.എ മാർ സർക്കാർ ട്രഷറികളിലേക്ക് ധനസമാഹരണം നടത്തിയാൽ സംഭരിക്കുന്ന തുകയുടെ ഒന്നരയിരട്ടി അവരുടെ മണ്ഡലത്തിലെ വികസനപ്രവർത്തനത്തിനു സർക്കാർ കൊടുക്കും. അതായത് ഒരു കോടി രൂപാ നിക്ഷേപമുണ്ടാക്കിയാൽ ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്താം. മണ്ഡലങ്ങളുടെ വികസനത്തിൽ അതീവ തല്പരരായ നമ്മുടെ എം.എൽ.എ മാർക്ക് ഇതൊരു ലോട്ടറിയായിരിക്കും. നിക്ഷേപങ്ങൾ സംഘടിപ്പിക്കാൻ എം.എൽ.എ മാർക്ക് ഒരു പ്രയാസവും ഇല്ല. ഇരുപത്തെട്ടു കെട്ടിനും കല്യാണത്തിനും പുലകുളിക്കും വരെ പൊതുജനത്തിന്റെ വീട് കയറിയിറങ്ങുന്ന നിയമസഭാംഗത്തിനു നിക്ഷേപകരെ കണ്ടെത്താൻ എന്ത് പ്രയാസം?

ണം സംഘടിപ്പിച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും റിസ്കുണ്ടോ? അതുമില്ല. ആയിരമായാലും കോടികളായാലും ഇട്ടപണത്തിനു സർക്കാർ മുദ്ര പതിപ്പിച്ച ഒരു കടലാസ് കിട്ടും. അറുതിയെത്തുമ്പോൾ കാശും കിട്ടും. ഇല്ലെങ്കിൽ ഈ സർക്കാരിനല്ല ഏത് സർക്കരിനായാലും ഇരിക്കപൊറുതിയുണ്ടാവില്ല. അടുത്ത സർക്കാർ യു.ഡി.എഫിന്റേതാണെന്ന് പാണന്മാർ പാടിനടക്കുന്നുണ്ടല്ലോ. അങ്ങനെ വന്നാലും നിക്ഷേപിച്ച പൈസക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. സി.പി.എം പ്രതിപക്ഷത്താണെങ്കിൽ അതാണു ആ തുകയ്ക്കുള്ള ഏറ്റവും വലിയ ഗാരന്റി. കൃത്യമായി പണം തിരിച്ചു കൊടുത്തില്ലെങ്കിൽ സമരം കൊണ്ട് അവർ നാട് അലമ്പാക്കിക്കളയും. അവർക്ക് തിരിച്ച് കയറണ്ടേ?

ക്ഷെ ആടു കോഴി മാഞ്ചിയം വഴി മണിച്ചെയിനിലും ടോട്ടൽ ഫോർ യൂവിലും എത്തി വഞ്ചിതരാകുകയും ഇനിയും വേണ്ടിവന്നാൽ വഞ്ചിക്കപ്പെടാൻ തയ്യാറായും ഇരിക്കുന്ന മലയാളിക്ക് ട്രഷറി നിക്ഷേപം എങ്ങനെ ബോധിക്കും എന്നറിയില്ല. ട്രഷറിയിൽ കാശിട്ട് സുരക്ഷിതരായിരിക്കാൻ അവർ തയ്യാറാകുമോ? അദ്ധ്വാനിച്ച് സമ്പാദിക്കുന്ന കുറേ സാധാരണക്കാർ നിർബ്ബന്ധിക്കാതെ തന്നെ ട്രഷറിയിൽ പണമിട്ടേക്കാം. അതു മാത്രം പോരല്ലോ. പെൻഷൻ പറ്റുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ ബ്ലേഡിൽ പണമിട്ട് കമ്പനി പൊളിയാൻ കാത്തിരിക്കുന്നവരും കൂടി ഒന്ന് ഉഷാറായാൽ സംഗതി ഗംഭീരമാകും. ഗൾഫ് കാർക്കും മക്കൾ ഉപേക്ഷിച്ച് അഗതികളായിക്കഴിയുന്ന അമേരിക്ക - ജർമ്മനി അച്ഛനമ്മമാർക്കും ട്രഷറി നിക്ഷേപം ഒരു നല്ല പദ്ധതിയാണു. എം.എൽ.എ മാർ ഇവരെ ഒക്കെ സഹരിപ്പിക്കാൻ തയ്യാറാകണം എന്ന് മാത്രം.

ക്ഷെ ഇതൊക്കെ നടക്കുമോ? നാട് കേരളമല്ലെ. ഇത്ര സാദ്ധ്യതകൾ ഉണ്ടെങ്കിലും എം.എൽ.എ മാർ നിക്ഷേപങ്ങൾ സമാഹരിക്കാനിറങ്ങുന്ന കാര്യം കണ്ടറിയണം. നിയമ നിർമ്മാതാക്കളായ തങ്ങളെ പണം പിരിക്കാനുള്ള ഏജന്റന്മാരാക്കി എന്ന് ആക്ഷേപം ആയിരിക്കും ആദ്യം ഉയരുക. പ്രതിപക്ഷത്തു നിന്നായിരിക്കും ആ നീക്കം. എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണല്ലോ പ്രതിപക്ഷ ശൈലി. നിയമസഭയിൽ ഇരുന്നുണ്ടാകുന്ന ഒരു ശീലമാണത്. നിയമസഭാ സാമാജികരുടെ അലവൻസ് കൂട്ടുന്ന കാര്യത്തിലൊഴിച്ച് ഏത് കാര്യത്തിലും അവരങ്ങനെയാണു. ഇനി ആയിരിക്കുകയും ചെയ്യും. അതിനു കക്ഷി വ്യത്യാസമൊന്നുമില്ല. നിക്ഷേപ സംഭരണത്തെ എതിർക്കാനുള്ള കണ്ടീഷനാലിറ്റികൾക്ക് മുൻ‌ധനകാര്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രിയുമായ മാണിസാറിനെ സമീപിച്ചാൽ മതി.

ന്നാൽ, ഈ സർക്കാർ ഉത്തരവിൽ ‘തിരുപ്പതി ബാലാജിയുടെ അത്ഭുതങ്ങൾ’ വിവരിക്കുന്ന അനോണിക്കത്തുകളിൽ ഉള്ളത് പോലെ ചില കെണികളുണ്ട്. ചിട്ടി വന്നാൽ വിശ്വാസിയായാലും അവിശ്വാസിയായാലും 12 കോപ്പി എടുത്ത് അയച്ചു പോകും. കാരണം കത്തയച്ചില്ലെങ്കിൽ ബാലാജി കോപിച്ചാലോ? അയച്ചാൽ അനുഗ്രഹിക്കുകയും ചെയ്യും. വിശ്വാസി പ്രതീക്ഷയോടേയും അവിശ്വാസി ഒരു സാദ്ധ്യത കളയണ്ട എന്ന് വിചാരിച്ചുമാണത് ചെയ്യുന്നത്. നാമൊക്കെ ഒരുപാട് പ്രാരാബ്ധക്കാരണല്ലോ. നിസ്സാരമായ 12 കോപ്പി കൊണ്ട് എന്ത് വരാൻ. നിഷേധം കാണിച്ച് ജീവിതം കൂടുതൽ ദുഷ്കരമാക്കിയിട്ട് എന്ത് കാര്യം. അതാണു കോമൺ‌സെൻസ്. എം.എൽ.എ മാർ ആ വിധത്തിൽ ചിന്തിച്ചാൽ നാടും രക്ഷപ്പെടും. അവരും രക്ഷപ്പെടും. അതല്ല എതിർത്തുകളയും എന്നാണെങ്കിൽ അതവരുടെ വിധി!

ന്താണു ഈ ഉത്തരവിൽ ഒളിച്ചിരിക്കുന്ന കെണികൾ?

എം.എൽ.എ മാർ വികസന അനുകൂലിയാണോ വികസന വിരുദ്ധനാണോ എന്ന് ജനത്തിനു പെട്ടെന്ന് മനസിലാകാനുള്ള ഒരു ടെസ്റ്റ് ഇതിലുണ്ട്. അതാണു ഒന്നാമത്തെ കെണി. പണം സ്വരൂപിച്ചാൽ ഇരട്ടിയല്ല ഒന്നരയിരട്ടിയാണു വികസന പ്രവർത്തനത്തിനു തിരിച്ച് കിട്ടുന്നത്. പണം ഇല്ലാത്തത് കൊണ്ട് ഒരുപാട് പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്. മൂത്രപ്പുര മുതൽ വിമാനത്താവളം വരെ. ധന സമാഹരണത്തിനു ഒരു വഴി കാണിച്ചു കൊടുത്തപ്പോൾ എം.എൽ.എ മാർ അതിനു സഹകരിച്ചില്ല എന്ന് ഭരണപക്ഷത്തിനു പറയാം. കഴിയുമായിരുന്നിട്ടും സ്റ്റേറ്റിന്റെ നന്മയ്ക്കായി ശ്രമിക്കാത്തതിൽ എം.എൽ.എ മാർ ജനങ്ങളാൾ ചോദ്യം ചെയ്യപ്പെടാൻ അത് വഴി വയ്ക്കും.

ണ്ടാമത്തെ കെണി കുറേക്കൂടി ഗുരുതരമാണു. തൊഴിൽ രഹിതരായ യുവാക്കൾക്ക് ഇന്ററെസ്റ്റുള്ള ഒരു ഏരിയയിലാണു ധനമന്ത്രി കൈവച്ചിരിക്കുന്നത്. സ്ഥിരമായി നിൽക്കുന്ന തസ്തികകൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കാണു ധനസഹായം. എം.എൽ.എ വിചാരിച്ചാൽ കുറേപ്പേർക്ക് തൊഴിൽ കിട്ടുമായിരുന്നു. നിക്ഷേപ പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ എം.എൽ.ഏ യുവജനങ്ങളുടെ തൊഴിൽ സാദ്ധ്യത നഷ്ടപ്പെടുത്തി എന്ന് വരും. പിന്നെ സംഭവിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന് പറയേണ്ടല്ലോ. നല്ലൊരു ഇര കിട്ടിയാൽ യൂത്തായാലും ഡിഫിയായാലും വെറുതെ വിടില്ല. അത് കുറേ പുതിയ നേതാക്കന്മാരേയും നിയമസഭാ സാമാജികന്മാരേയും സൃഷ്ടിക്കും. നന്ദാവനം ക്യാമ്പും പ്രീഡിഗ്രി ബോർഡ് സമരവും ഒന്നും മറക്കണ്ട. എം.എൽ.എ മാർ വെറുതേ പോയി പണി മേടിക്കണോ? ഇപ്പോൾ നിയമസഭയ്ക്കകത്തിരിക്കേണ്ടവർ ആലോചിക്കേണ്ട കാര്യമാണു.

പ്പോഴെന്ത് തോന്നുന്നു? നമ്മുടെ ധനകാര്യമന്ത്രി ആരാ?

അല്ല, ആരാ?

3 comments:

അശോക് കർത്താ said...

ധനമന്ത്രിയുടെ ഉപദേഷ്ടാക്കൾ പക്കാ പരിഷത്തുകാരായിട്ടും ഇതൊക്കെ എങ്ങനെ സാധിച്ചു എന്നതാണു അത്ഭുതം.

"നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?"

Unknown said...

aranu nammude dhanakaarya manthri enna chodyam prasakthamalla,mattoru manipulator mathram ,ennal ee padhathi kondu janathinulla prayojanam bodhyappeduthiyathinu nanni .............. overall gud post

Pranavam Ravikumar said...

നമുക്ക് ആലോചിക്കേണ്ടിയിരിക്കുന്നു....