Thursday, April 30, 2009

പന്നിപ്പനിയുടെ അക്ഷയതൃതീയ

WHO യുടെ സഹായത്തോടെ ആധുനിക വൈദ്യശാസ്ത്രം നടത്തുന്ന ഒരു ‘തെറ്റ് മറയ്ക്കല്‍’ പ്രചാരണം മാത്രമല്ലെ ലോകമെമ്പാടും കോലാഹലമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പന്നിപ്പനി?

ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രം അംഗീകാരം നിലനില്‍ക്കുന്ന ഭൂഖണ്ഡങ്ങളാണു അമേരിക്കയും യൂറോപ്പും. അവിടെ പൈതൃക ചികിത്സാരീതികള്‍ക്ക് സാധുത ഇല്ല. അതു കൊണ്ട് അവരുടെ വിലപിടിച്ച സംഭാവനകള്‍ പരിഗണിക്കപ്പെടാറില്ല. ആധുനിക വൈദ്യശാസ്ത്രമാണെങ്കിലോ മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുകയുമാണു. ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അതിന്റെ ആശങ്ക വളരെയധികമുണ്ട്.

മരുന്ന്, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആരോഗ്യരംഗത്തെ പരമാവധി ചൂഷണം ചെയ്തു കഴിഞ്ഞു. മനുഷ്യനെ രോഗിയായി നിലനിര്‍ത്തിക്കൊണ്ട് രോഗം മാനേജു ചെയ്യാവുന്ന അവസ്ഥയും കടന്നു പോയി. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സകള്‍ ഇന്ന് ഫലപ്രദമാകുന്നില്ല. രോഗി രോഗത്തിനു അടിമപ്പെട്ട് മരണം വരിക്കുന്ന ചിത്രമാണു അത് ഇന്ന് കാഴ്ചവയ്ക്കുന്നത്. രോഗം താല്‍ക്കാലികമാണെന്നും അത് ഭേദപ്പെടുത്താവുന്നതാണെന്നും മെഡിക്കല്‍ രംഗം വിചാരിക്കുന്നില്ല. ഇത് ഒട്ടനവധിപ്പേരേ മറ്റ് ചികിത്സാരീതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. ആരോഗ്യ വ്യസാ‍യ രംഗത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലാഭം കുറഞ്ഞാല്‍ ലോഭികള്‍ പ്രകോപിതരാകും. ആരോഗ്യരംഗത്ത് ലോകമെമ്പാടും കാണുന്ന കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണു.

ഒരു രോഗത്തിനു ചികിത്സയ്ക്ക് ചെന്നാല്‍ മറ്റനവധി രൊഗങ്ങളുമായി തിരിച്ചു പോരേണ്ട ഗതികേടിലാണു ലോകമെമ്പാടും മനുഷ്യര്‍. ഒരു രോഗത്തിനും കുറ്റമറ്റ പ്രതിവിധികള്‍ ഇല്ല. ഒരു രോഗവും പൂര്‍ണ്ണമായി മാറുന്നില്ല. ആരോഗ്യത്തോടെ ജീവിക്കാന്‍ ഉതകുന്ന ഒരു രീതിയിലല്ല മെഡിക്കല്‍ രംഗം ഇന്ന് മുന്നോട്ട് പോകുനത്. ചികിത്സ രോഗമാനേജുമെന്റാണെന്നാണു പക്ഷം. അതൊരു വാണിജ്യസങ്കല്പമാണെന്ന് ആരും തിരിച്ചറിയുന്നുമില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തില്‍ നിന്ന് രോഗത്തിലേക്കുള്ള യാത്ര ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടോ എന്ന് സംശയമാണു. പുതുമയുള്ള ചികിത്സാരീതിയെന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രത്തെ പിന്‍പറ്റുന്നവര്‍ അതിന്റെ ആഘോഷത്തില്‍ കഴിയുകയാണു.

പ്രമേഹത്തിനു ചികിത്സ തുടങ്ങിയാല്‍ അത് മാറുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മരുന്നുമായി കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് പ്രമേഹരോഗികള്‍ ആലോചിക്കുന്നില്ല. ചെറിയ അളവില്‍ തുടങ്ങുന്ന മരുനു അളവുകൂട്ടിയും പുതിയ പുതിയ മരുന്നുകളിലേക്കു മാറിയും തുടരുന്നതല്ലാതെ അത് നിര്‍ത്താന്‍ കഴിയാറില്ല. എന്നുമാത്രല്ല അനുബന്ധരോഗങ്ങള്‍ വേറെയും ഉണ്ടാകുന്നു. ഡയബറ്റിക്സ് ഡയബറ്റിക് ന്യൂറോപ്പതിയിലേക്കും, വൃക്കരോഗങ്ങളീലേക്കും, ചീയുന്ന ശരീര ഭാഗങ്ങള്‍ മുറിച്ചു നീക്കുന്നതിലേക്കും വളരുന്ന ചിത്രമാണു നമ്മുടെ മെഡിക്കല്‍ രംഗത്ത് കാണുന്നത്. ശാസ്ത്രം ഇത്ര ആധുനികമായിട്ടും എന്തുകൊണ്ട് പ്രമേഹത്തെ ഇല്ലായ്മ ചെയ്യാനാവുന്നില്ല? അല്ലെങ്കില്‍ അതിന്റെ രോഗസാദ്ധ്യത കുറച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ല. ആധുനികമെന്നും പുരോഗതിയെന്നും അഭിമാനിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം കാണുവാന്‍ നാം ശ്രമിക്കുന്നില്ല.

കാന്‍സര്‍ ചികിത്സയില്‍ ശാരീരിക ക്ഷമത നഷ്ടപ്പെടുന്നതും രോഗി ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതും സ്വാഭാവികം. ചികിത്സയുടെ പേരില്‍ പരമാവധി പണം വസൂലാക്കിക്കഴിഞ്ഞാല്‍ വേദനകൂടാതെ മരിക്കാന്‍ പറഞ്ഞയക്കുകയാണു പിന്നെ ആധുനികത.

രക്തസമ്മര്‍ദ്ദത്തിനു ചികിത്സ ആരംഭിക്കുന്നവര്‍ ഹൃദയ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്നത് കാണാം. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉദാഹരണങ്ങള്‍ അനവധിയാണു.

ഇതുകൊണ്ടൊക്കെ എല്ലാ ശാഖകളിലുമുള്ള ഡോക്ടറന്മാര്‍ക്ക് മെച്ചമുണ്ട്. മനസാക്ഷിക്കുത്ത് കൂടാതെ ഫീസു വാങ്ങാം. ഇപ്പോഴത്തെ വ്യാധിക്ക് കാരണം മുന്‍പത്തെ ചികിത്സ കൊണ്ടായിരുന്നെന്ന് പറയാം. ആദ്യത്തെയാള്‍ തള്ളിയ സ്ഥിതിക്ക് അയാള്‍ പിന്നീട് ആ രോഗിയെ കാണുന്നുമില്ല. എങ്ങനെയുണ്ട് മെഡിക്കല്‍ ‘മാനേജുമെന്റ്’?

രോഗങ്ങള്‍ ചികിത്സിച്ചിട്ട് മാറുന്നില്ലെന്നും പുതിയ പുതിയ രോഗങ്ങളില്ര്ക്ക് അത് നയിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് പാശ്ചാത്യരില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണു. അത് മെഡിക്കല്‍ വ്യവസായത്തിനു ഭീഷണിയായി വളരുന്നതിനു മുന്‍പ് തടയിടേണ്ടതുണ്ടെന്ന് ആ രംഗത്തെ വ്യവസായികള്‍ക്കറിയാം. മരുന്നുകമ്പനികളോ ആശുപത്രികളോ ഈ ആവശ്യത്തിനു നേരിട്ടിറങ്ങിയാല്‍ പലപ്പോഴും അത് പൊളിച്ചുകാട്ടപ്പെടും എന്നതുകൊണ്ട് പൊതുജനസമ്മതിയുള്ള ഒരു ബാനര്‍ ആവശ്യമാണു. WHO അഭിനയിക്കുന്നത് ആ റോളാണെന്ന് തോന്നുന്നു.

‘പഴയ രോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കുന്നത് പുതിയ രോഗങ്ങളാണു. അതിനു പുതിയ മരുന്നുകള്‍ വേണം. ആധുനിക വൈദ്യശാസ്ത്രത്തിനു ഒരു പ്രതിസന്ധിയുമില്ല‘.

ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണു പന്നിപ്പനി പോലുള്ള ജലദോഷപ്പനികളെക്കുറിച്ചുള്ള ആശങ്കാകുലമായ പരസ്യങ്ങള്‍. മൂനു ദിവസം മുന്‍പ് ഭയാശങ്കകള്‍ ഉണ്ടാകത്തക്കവിധം മാധ്യമങ്ങളീലേക്ക് ചാമ്പപ്പെടുകയായിരുന്നു അത്. ആ രോഗത്തിന്റെ സ്ത്രോതസ്സ് എന്താണെന്നോ എങ്ങനെ പടര്‍ന്നുവെന്നോ വിശ്വാസമാംവണ്ണം ഇന്നുവരെ ആരും ഒരു ഉത്തരം തന്നിട്ടില്ല. ഈ പകര്‍ച്ച വ്യാധിക്ക് മരുന്നുമില്ല. കൂട്ടം കൂടരുത്. കൈ കൊടുക്കരുത്. ആലിംഗനം ചെയ്യരുത് തുടങ്ങിയ സ്വയം സംരക്ഷണമല്ലാതെ മറ്റ് പ്രതിവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കാനില്ല. അമിതമായി ബാഹ്യലോകത്ത് വ്യാപരിച്ച് ജീവിക്കുന്ന പാശ്ചാത്യനു ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പാലിക്കാന്‍ കഴിയും? ഒരു മുറിക്കുള്ളില്‍ അല്പ സമയം കഴിഞ്ഞുകൂടിയാല്‍ ഭ്രാന്ത് പിടിക്കുന്നവനാണ് പാശ്ചാത്യന്‍. (ഇന്ത്യന്‍ ആധുനികനും വ്യത്യസ്ഥനല്ല). അവനോടാണു സ്വയം ഒതുങ്ങിക്കൂടാന്‍ പറയുന്നത്!

ഇവിടെയാണു വണിക്കിന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്.

സാധാരണ ഫ്ലൂവാണെന്ന് പറഞ്ഞാല്‍ ശാസ്ത്രം ഇത്ര വികസിച്ചിട്ടും ഫ്ലൂവിനു ഇതുവരെ മരുന്ന് കണ്ട് പിടിച്ചില്ലേ എന്ന് ചോദ്യം വരും. ലോകമെമ്പാടുമായി വൈറല്‍ മരുന്നുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന 50 കമ്പനികള്‍ ഉണ്ടായിരുന്നത് ഇന്ന് 10 ആയി ചുരുങ്ങി. ഫ്ലൂവിനു മരുന്നുണ്ടാക്കിയാല്‍ ലാഭം ഉണ്ടാകില്ല എന്നതായിരുന്നു കാരണം. അപ്പോള്‍ ഫ്ലൂവില്‍ നിന്ന് ലാഭമുണ്ടാകണമെങ്കില്‍ ഫ്ലൂവിന്റെ പേര്‍ മാറണം.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ എല്ലാ പകര്‍ച്ചവ്യാധികളും പനിയുടെ ഗണത്തില്‍ പെടുന്നതായിരുന്നു.
എലിപ്പനി.
ഡെങ്കിപ്പനി.
പശുപ്പനി.
ജപ്പാന്‍ പനി.
പക്ഷിപ്പനി.
ഒടുവില്‍ ഏതോ ഹറാമ്പിറന്നവന്റെ തലയില്‍ നിന്ന് പുറത്ത് ചാടിയ പന്നിപ്പനി.

ഒരുമാതിരിപ്പെട്ട ജന്തുക്കളുടെ പേരിലെല്ലാം പനിയായിക്കഴിഞ്ഞു. മനുഷ്യപ്പനി മാത്രമില്ല.

അതോ മനുഷ്യന്‍ പന്നിയായി മാറിയതുകൊണ്ട് ഇത് മതി എന്ന് വച്ചതാണോ?

എതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ രോഗകാരണം പാവം മിണ്ടാപ്രാണികളുടെ പേരിലാകുമ്പോള്‍ പിന്നെ ഗവണ്മെന്റിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സാജന്യ രോഗം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാമല്ലോ. രോഗപ്രതിരോധമെന്ന നിലയില്‍ പാവം ജീവജാലങ്ങളെ കൊന്നൊടുക്കിയാല്‍ മതി. മനുഷ്യന്‍ ഇന്നത്തേക്കാള്‍ മോശപ്പെട്ട ഭൌതികസാഹചര്യത്തില്‍ ഈ പറഞ്ഞ ജീവികളുമായി സഹവസിച്ചിരുന്ന കാലത്ത് ഉണ്ടാകാതിരുന്ന പകര്‍ച്ചവ്യാധികള്‍ ഇന്ന് ഉണ്ടാകുന്നു. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ആരും അന്വേഷിക്കാത്തതെന്താണു? നമ്മുടെ ബുദ്ധി മരവിച്ചു പോയോ?

പന്നി വൈറസ്സുകള്‍ പരിണമിച്ചാണു പുതിയ ഫ്ലൂ വൈറസ്സ് ഉണ്ടാകുന്നതെങ്കില്‍ അതിന്റെ പരിണാമത്തിന്റെ ഹേതു എന്താണു? എന്തുകൊണ്ട് അതിനു മനുഷ്യന്റെ സ്വാസ്ഥ്യത്തിനുമേല്‍ അധീശത്വം നേടാന്‍ കഴിയുന്നത്? ഇതിനൊക്കെ ഉത്തരം പറയാന്‍ പോയാല്‍ WHO ആ നിമിഷം പിരിച്ചുവിടപ്പെടും. അതവര്‍ക്കറിയാം. അതുകൊണ്ട് പാവം പന്നി സഹിക്കട്ടെ!

ആധുനിക ചികിത്സ കൊണ്ട് പ്രയോജനമില്ലാതെ വരികയും ചികിത്സയെ തുടര്‍ന്നുള്ള മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ അത് പൊതുജന ശ്രദ്ധയില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണു ഇത്തരം സംഭ്രമജനകമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. രോഗത്തിനു വ്യത്യസ്ഥയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ഒരുപാട് നൂലാമാലകളില്‍ നിന്ന് തലയൂരാം. പ്രത്യേകിച്ചും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വ്യാപകമായ രാജ്യങ്ങളില്‍.

പലവിധ രോഗങ്ങള്‍ക്കും ചികിത്സിക്കപ്പെട്ടുകൊണ്ടിരുന്നവരാണു പന്നിപ്പനിക്ക് അടിപ്പെട്ട് മരണം ഏറ്റുവാങ്ങുന്നതെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രോഗചികിത്സ ഒരു പരാജയമാകുകയും മരണം പന്നിയുടെ തലയില്‍ കെട്ടിവച്ചു കൊടുക്കുകയുമാണു തന്ത്രമെന്ന് തോന്നുന്നു. വ്യത്യസ്ഥമായ പുതിയ പുതിയ രോഗങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ഈ ചങ്ങല ഇനിയും നീട്ടിക്കൊണ്ട് പോകാം. അതുകൊണ്ട് നാളെ പട്ടിപ്പനിയും പൂച്ചപ്പനിയും ഉണ്ടായാല്‍ അത്ഭുതപ്പെടണ്ട. ആദ്യം ഉപകാരപ്രദങ്ങളായ മൃഗങ്ങള്‍ തീരട്ടെ.


മേമ്പൊടി

ജ്വരചികിത്സയെ പറ്റി വിപുലമായ പഠനങ്ങള്‍ ആയുര്‍വ്വേദത്തിലുണ്ട്. പന്നിപ്പനിക്ക് മരുന്നില്ല എന്ന് സമ്മതിച്ച സ്ഥിതിക്ക് അതൊന്നു പരീക്ഷിച്ചു കൂടെ? മനുഷ്യന്‍ ജീവിച്ചു പോട്ടെ!
(1)
തുളസിയില
കരിനൊച്ചിയില
പാണലില
തുമ്പയില
ഇവയിട്ട് വെള്ളം തിളപ്പിച്ച് കഴുത്തിനു താഴെ ധാരയാക്കി ഒഴുക്കി കുളിച്ചാല്‍ വന്ന പനി പോകും. പുതിയ പനി വരില്ല.
(2)
അടയ്ക്കാമണിയന്റെ വേരു കഷായം വച്ച് നെറുകയില്‍ ധാര കോരിയാല്‍ നാലുനാള്‍ കൂടുന്ന പനി മാറും.
(3)
പീനസപ്പനിയാണെങ്കില്‍ ത്രികടു ചൂര്‍ണ്ണം നസ്യം.

പന്നിപ്പനിയുടെ ലക്ഷണം വായിച്ചപ്പോള്‍ ഇതൊക്കെ തന്നെ അധികമാണെന്ന് തോന്നുന്നു.
(അവലംബം : കൈരളി ടി വി യിലെ ആരോഗ്യജീവനം പരിപാടി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15നു)

അനുപാനം :

എറിക്ക് സീഗല്‍ എന്നൊരു ആംഗലേയ നോവലിസ്റ്റുണ്ട്. മലയാളത്തിന്റെ വിശ്രുത സംവിധായകരായ കമലിന്റേയും, ലാല്‍ ജോസിന്റേയും ‘നിറം’, ‘ക്ലാസ്സ്മേറ്റ്സ്’ എന്നീ സിനിമകള്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദ് ഡോക്ടേഴ്സ് എന്നൊരു നോവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിന്റെ പ്രിലൂഡില്‍ 26 എന്ന സംഖ്യയെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ആരെങ്കിലും അതൊന്നു വായിച്ചു അതിന്റെ അര്‍ത്ഥമൊന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. (പുതിയ സിനിമ എടുക്കരുത്)

കര്‍ക്കടക പൂയം

അക്ഷയ തൃതീയ കഴിഞ്ഞല്ലോ.
ഇനിയും എന്തെങ്കിലും വേണ്ടെ മലയാളിക്ക്? ദാ ഒരെണ്ണം.
കര്‍ക്കിടകത്തിലെ പൂയം നാളില്‍ പോത്തിറച്ചി വാങ്ങാന്‍ ഉത്തമം.
അന്നു തന്നെ കറിവച്ചോ വറുത്തോ കഴിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും.
പിറ്റേന്നായാല്‍ വയറുകടി പിടിക്കും.
ജയ് കര്‍ക്കടക പൂയം!

Sunday, April 19, 2009

അമേരിക്കയിലെ വെടിയൊച്ചകള്‍

അമേരിക്കയിലും യൂറോപ്പിലുമാ‍യി നിരപരാധികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകമാവുകയാണു. കഴിഞ്ഞവാരത്തില്‍ ബിങ്‌ഹാംന്റെണില്‍ 12 പേരെ വെടിവച്ചു കൊന്ന് അക്രമി ആത്മഹത്യ ചെയ്തു. അമേരിക്കന്‍ സിവിക്ക് അസ്സോസിയേഷന്‍ ഓഫീസ് പരിസരത്താണു സംഭവം. അമേരിക്കയിലേക്ക് കുടിയേറുന്നവരെ സഹായിക്കാനുള്ള സ്ഥാപനമാണു സിവിക്ക് അസ്സോസിയേഷന്‍. തൊഴില്‍ നഷ്ടപ്പെട്ടതിലും ഇംഗ്ലീഷ് അറിയാത്തതിലുമുള്ള നിരാശ്ശയാണു വെടിവെപ്പിനും ആത്മഹത്യയ്ക്കും കാരണമെന്ന് എഫ്.ബി.ഐ പറയുന്നു. പ്രതി 42 കാരനായ ഗിവേര്‍ലി വൂങ് എന്ന വിയറ്റനാം കാരനാണെന്ന് സംശയമുണ്ട്.

സംഭവത്തിന്റെ സാങ്കേതിക വശങ്ങള്‍ എന്തു തന്നെയായാലും അതിന്റെ സാമൂഹിക വശം ഭീകരമാണു. സ്വര്‍ഗ്ഗരാജ്യമെന്ന് വിശേഷിപ്പിച്ച് ലോകം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ ഇതൊക്കെ സംഭവിക്കാമ്മോ? അവിടെ ജീവസുരക്ഷ ഇല്ലാതായോ? അമേരിക്ക മാന്ദ്യവും അക്രമങ്ങളും കൊണ്ട് താമസിയാതെ ഒരു ഇരുണ്ട ഭൂഖണ്ഡമാകുമോ? അമേരിക്കയുടെ യഥാര്‍ത്ഥ അവസ്ഥയെന്താണു?

FBI അവകാശപ്പെടുന്നപോലെ വ്യക്തിപരമായ നിരാശ്ശയാകുമോ ഇതിനു കാരണം? IBM ല്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട വ്യക്തിയാണു വൂങ് എന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തങ്ങളുടെ പേറോളില്‍ ഇങ്ങനെ ഒരു പേരുകാരന്‍ ഉള്ളതായി അവര്‍ സമ്മതിച്ചിട്ടില്ല. അതിനും മുങ്കൂറായി ഒരു ന്യായം FBI യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വൂങ് എന്നത് കള്ളപ്പേരാകാനിടയുണ്ട് എന്നാണു അവരുടെ വാദം. വൂങിന്റെ സഹോദരി പക്ഷെ അത് അംഗീകരിച്ചിട്ടില്ല.

അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ടം ഭ്രാന്ത് പിടിപ്പിക്കും. അതില്‍ അയഥാര്‍ത്ഥതയൊന്നുമില്ല. ‘ദരിദ്രരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആരേയും പരിഹസിക്കാനല്ല. ഒരു യാഥാര്‍ത്ഥ്യമാണത്. അംഗീകരിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും. നന്നായി ആലോചിച്ചാല്‍ ഇത് സത്യമാണെന്ന് ബോദ്ധ്യമാകും. ഒരു ദിവസം പണിയില്ലെങ്കില്‍ അന്ന് അവിടെ അപ്പം കഴിക്കാനാവില്ല. ഓരോ ദിവസവും വരുമാനമുണ്ടായി അത് ചെലവഴിച്ചു വേണം കഴിഞ്ഞുപോകാന്‍. ഭൂരിഭാഗത്തിനും മിച്ചം എന്നൊന്നില്ല. കടങ്ങളുടെ വലയ്‍ക്കുള്ളിലാണു പൌരന്മാര്‍. കടമുള്ളവന്‍ ഏങ്ങനെ സമ്പന്നനാകും? അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ഒരു ദിവസക്കൂലിക്കാരന്റത്രപോലും സാമ്പത്തികമായി സുരക്ഷിതരല്ല അമേരിക്കന്‍ പൌരന്മാര്‍! നാമും ആ അവസ്ഥയിലേക്ക് എത്തിച്ചേരണമെന്നാണു നമ്മുടെ സാമ്പത്തികശാസ്ത്ര്ജ്ഞന്മാരും പറയുന്നത്.

മയ്യനാട്ടും മല്ലപ്പള്ളിയിലുമുള്ള ചിലരെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുള്ളവര്‍ അവര്‍ക്ക് സമ്പന്നരായി തോന്നിയേക്കാം. NRI യുടെ നാ‍ട്ടിലെ പത്രാസുവച്ച് വിലയിരുത്തുന്നതു കൊണ്ടാണു അങ്ങനെ തോന്നുന്നത്.

വിദേശ രാജ്യങ്ങള്‍ ആകര്‍ഷകമായിരിക്കുന്നത് അവിടെ സുഭിക്ഷതയുള്ളതു കൊണ്ടല്ല. അവിടെ കിട്ടുന്ന ഡോളറും പൌണ്ടും ജീന്‍സ് ടൈറ്റാക്കി മിച്ചം പിടിച്ചാല്‍ ഇന്ത്യന്‍ രൂപയിലേക്ക് അത് മാറ്റുമ്പോള്‍ വലിയൊരു തുക കിട്ടും. അതുകൊണ്ടിവിടെ ധാരാളിക്കുമ്പോള്‍ അവര്‍ പണക്കാരായി കരുതപ്പെടും. അത്രേയുള്ളു. ഗള്‍ഫിലുള്ളവരുടെ കാര്യം നമുക്ക് അറിയാമല്ലോ. അവര്‍ക്ക് അവിടെയൊരു ജീവിതമില്ല. അടിമയെപ്പോലെ പണിയെടുത്ത് പണമുണ്ടാക്കി യാതൊരു അദ്ധ്വാനവും ചെയ്യാത്തവര്‍ക്ക് അയച്ചുകൊടുക്കുന്നു.

ഓരോ ദിവസവും തീറെഴുതിവച്ചിട്ടാണു അമേരിക്കപോലുള്ള വിദേശരാജ്യങ്ങളില്‍ പൌരന്മാര്‍ ജിവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം വരുമാനമുണ്ടാകില്ല എന്ന് അറിഞ്ഞാല്‍ അരിശമുണ്ടാകുന്നത് സ്വാഭാവികം. അത് മനോരോഗമായി പരിണമിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ഇതിപ്പോള്‍ അവിടങ്ങളില്‍ തുടര്‍ക്കഥയാവുകയാണു.

എന്താണു ഇതു പോലെയുള്ള സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശം?

ജീവിതത്തിനു അമേരിക്കന്‍ മോഡല്‍ അപകടകരമാണെന്നാണോ? സത്യം അതാണെങ്കിലും നാം ഇനിയും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴും അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് പിമ്പേ പായാനാണു ഇന്ത്യക്കാരന് താല്‍പ്പര്യം. അതെത്ര അപായകരമായാല്‍ പോലും.

അക്രമത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ പിന്നെയും സംശയങ്ങള്‍ ബാക്കി. അതീവ ക്രൂരമാണു കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. വെറും ഒരു നിരാശ്ശക്കാരനു ചെയ്യാവുന്ന വിധത്തിലല്ല ഇത്തരം നരഹത്യകള്‍ നടന്നിരിക്കുന്നത്. രക്തം കട്ടപിടിക്കുന്ന കൂട്ടക്കുരുതിയാണു ചെയ്തിരിക്കുന്നത്. അത്തരം നീചപ്രവര്‍ത്തി ചെയ്യത്തക്കവിധം അമേരിക്കന്‍ മനസ് വികലമായി എന്നാണെങ്കില്‍ ആ സാമൂഹിക വ്യവസ്ഥിതിയെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൌരന്മാര്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ ചുറ്റുമുള്ളവരെ ചുട്ടുകൊല്ലാം എന്നുവന്നാല്‍ മുഖ്യപൌരനു ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? ലോകം മുഴുവന്‍ നാലഞ്ചുവട്ടം ചുട്ട് ചാമ്പലാക്കാനുള്ള ബോംബുണ്ടകള്‍ അമേരിക്കയുടെ കൈവശമുണ്ട് എന്നാണു കേള്‍വി.

സംഭവങ്ങളുടെ മറ്റൊരുവശം പരിശോധിച്ചാല്‍ അറപ്പില്ലാതെ വെടിയുതിര്‍ക്കാന്‍ കഴിയുന്നവരാണു ആക്രമികള്‍ എന്ന് മനസിലാകും. ഇംഗ്ലീഷ് സിനിമകളിലെ വില്ലന്മാരെപ്പോലെ. അത് അഭിനയമാണെങ്കില്‍ ഇത് യാഥാര്‍ത്ഥ്യം. ലക്ഷ്യം തകര്‍ക്കാനുള്ള ഉന്നമുള്ളവരുമാണു അവര്‍. ഇതൊന്നും പെട്ടെന്ന് നിരാശ്ശ ബാധിച്ചവര്‍ നടത്തുന്നതായി വിചാരിക്കാന്‍ വയ്യ. പരിശീലനം കിട്ടിയവരാണ് ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അക്രമികള്‍ എവിടെ നിന്ന് വരുന്നു?

ഇവിടെയാണ് അമേരിക്ക പാപത്തിന്റെ ശമ്പളം കൈപ്പറ്റുകയാണോ എന്ന് സംശയിക്കേണ്ടത്. ആയുധവില്‍പ്പന പ്രോത്സാഹിപ്പിക്കാനായി ലോകത്തിന്റെ പലഭാഗങ്ങളിലും അമേരിക്ക കലാപമുണ്ടാക്കിയിട്ടുണ്ട്. അതിനുവേണ്ടി അവര്‍ പടച്ചു വിട്ട സ്വകാര്യസൈന്യം ഇപ്പോള്‍ കാര്യമായ പണിയില്ലാതെ കഴിയുകയാണു. വേണ്ടത്ര പരിശീലനമുള്ള അവരെ ആരെങ്കിലും ഉപയോഗിച്ചാല്‍ അത്ഭുതപ്പെടാനില്ല. ചാവേറായിട്ടോ അക്രമിയായിട്ടോ. ക്രൂരമായ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ ന്യായമായും അങ്ങനെ സംശയിച്ചു പോകും. പക്ഷെ ഉപചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു കൃത്രിമ ജീവിതരീതി അനുവര്‍ത്തിച്ചുവന്ന പാശ്ചാത്യസമൂഹം ഇത്തരം സന്ദേഹങ്ങളെ ആലോചിക്കാന്‍ പോലും ഭയക്കും. അപ്പോള്‍ അത് യാഥാര്‍ത്ഥ്യമാണെന്നെങ്ങാനും പുറത്തറിഞ്ഞാല്‍ അമേരിക്ക ഭയം കൊന്ട് വിറങ്ങലിച്ച് തകരും. വേള്‍ഡ് ട്രെയിഡ് സെന്റര്‍ അക്രമസമയത്ത് ലോകം അത് കണ്ടതാണു. അതുകൊണ്ടായിരിക്കാം മന്ദബുദ്ധികള്‍ പോലും ചിരിച്ചു പോകുന്ന ന്യായങ്ങള്‍ പറയാന്‍ അധികൃതര്‍ ഒരുമ്പെടുന്നത്. പക്ഷെ ഈ തമാശ അപകടകരമാണെന്ന് താമസിയാതെ അവര്‍ തിരിച്ചറിയും.

Friday, April 3, 2009

പ്രിയേ.......ചാരുശീലേ


ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ (29)പാടുന്നു
ജയദേവ കൃതിയുടെ ആലാപനം കേള്‍ക്കാനായി ഇടതുവശത്ത് മുകളിലുള്ള റേഡിയോ ഓണ്‍ ചെയ്യുക.
ഈ അഷ്ടപദി പുരി ജഗന്നാഥന്റെ മുന്നില്‍ സമര്‍പ്പിച്ചതാണെന്ന് ഐതിഹ്യം. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പദം ‘പദ്മാവതി’ ജയദേവ പത്നിയും.
ഈ അഷ്ടപദിയില്‍ സം‌പ്രീതനായ ജഗന്നാഥന്‍ അതില്‍ “പ്രിയേ ചാരുശീലേ” എന്ന രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ത്ത് അതീവ മനോഹരമാക്കി.
ഈ അഷ്ടപദിയേക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ കമന്റുകളായി അത് ചേര്‍ക്കാന്‍ താല്പര്യം.
(കടപ്പാട്: R.Venugopal Menon,NorthParavur
e-mail: aryacom2005@gmail.com,Mobile 9947061230)